തൃശ്ശൂര്‍: ചേലക്കരയിലെ വയോധിക കൊല്ലപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്തു വിട്ട ക്ഷേത്രപൂജാരി ജീവനൊടുക്കി. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കെയാണ് സംഭവം.
ചേലക്കര പുലാക്കോട് കഴിഞ്ഞ ബുധനാഴ്ചയാണ് വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിനു സമീപതെ പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് ക്ഷേത്രം പുജാരിയായ ഗോപിയേയും പോലീസ് ചോദ്യം ചെയ്തത്.
വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച തുണിയില്‍ നിലവിളക്കിലെ എണ്ണ കണ്ടെത്തിയിരുന്നു. മാത്രവുമല്ല ചേലക്കരയിലെ ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ട് എന്നുപറഞ്ഞ് ഒരു ഫോണ്‍കോളും ലഭിച്ചിരുന്നു.
ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ ഗോപി ഉള്‍പ്പടെ ഉള്ളവരെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിരുന്നു. അതിനിടെയാണ് ഗോപിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേലക്കര പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
