കൊല്ലത്തെ ഇവരുടെ ആഢംബര വസതിയുടെ രണ്ടാംനിലയിലാണ് കള്ളനോട്ട് നിര്‍മാണം നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ വ്യാജനോട്ടടി പുരോഗമിക്കുകയിരുന്നു. 

ഇടുക്കി: കട്ടപ്പനയില്‍ കള്ളനോട്ട് പിടിച്ചതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍. ഇവരുടെ കൊല്ലത്തെ വീട്ടില്‍ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും വ്യാജ നോട്ട് അച്ചടി യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.

സീരിയല്‍ നടിയും കൊല്ലം തിരുമുല്ലാവാരം സ്വദേശിയുമായ സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ ഇവരുടെ ആഢംബര വസതിയുടെ രണ്ടാംനിലയിലാണ് കള്ളനോട്ട് നിര്‍മാണം നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് 500, 200 നോട്ടുകള്‍ അച്ചടിക്കാനുള്ള കടലാസ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്ന് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് കൊല്ലത്തെ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ വ്യാജനോട്ടടി പുരോഗമിക്കുകയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നതായിരുന്നു ഇടനിലക്കാരുമായുണ്ടായിരുന്ന വ്യവസ്ഥ. അറസ്റ്റിലായ മൂന്ന് പേരെയും പൊലീസ് കട്ടപ്പന സ്റ്റേഷനില്‍ എത്തിച്ചു. സംഘത്തില്‍ പത്തിലധികം പേരുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.