പാലക്കാട്: അടപ്പാടിയില്‍ ജനക്കൂട്ടം ആദിവാസി യുവാവിനെ ആക്രമിച്ചു കൊന്ന സംഭവത്തില്‍ വനംവകുപ്പിനെതിരെ കടുത്ത ആരോപണങ്ങള്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്ന മധുവിനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ ആരോപിക്കുന്നത്.
മധുവിനെ കാട്ടില്‍ നിന്നും പിടികൂടി ആരവങ്ങളും ആര്‍പ്പുവിളികളുമായാണ് ജനക്കൂട്ടം പുറത്തേക്ക് കൊണ്ടു വന്നത്. ഈ സമയത്ത് വനംവകുപ്പിന്റെ ജീപ്പ് ജനക്കൂട്ടത്തിന് അടുത്തുണ്ടായിരുന്നു. അവശനായ മധു കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുഖത്തൊഴിച്ചു കൊടുക്കുയായിരുന്നുവെന്നും ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്.
വനത്തിനുള്ളില്‍ മൂന്ന് കിലോമീറ്ററോളം ഉള്ളിലുള്ള ഒരു ഗുഹയിലാണ് മധു താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും പരിശോധിക്കാതെ നാട്ടുകാരായ പതിനാലോളം പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.
വനത്തിനകത്ത് വച്ച് അടികൊണ്ട് അവശനായ മധുവിന്റെ തോളില്‍ ഇരുപത് കിലോയോളം ഭാരം വരുന്ന ചാക്കെടുത്ത് വച്ചു കൊണ്ടാണ് പുറത്തേക്ക് നടത്തിച്ചത്. വനംവകുപ്പ് ചെക്ക് പോസ്റ്റിലൂടെ പുറത്തേക്ക് കൊണ്ടു വന്ന മധുവിനെ പിന്നീട് ഭവാനി പുഴയിലെത്തിച്ചത് വെള്ളത്തില്‍ മുക്കി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. മുക്കാലി ഭാഗത്ത് മോഷണം നടത്തുന്നത് മധുവാണെന്നായിരുന്നു ഇയാളെ മര്‍ദ്ദിച്ചവരുടെ ആരോപണം. എന്നാല്‍ മുക്കാലിയിലെ കടയിലെ സിസിടിവികളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും ഇത് മധുവല്ലെന്നുമാണ് പ്രദേശത്തെ എസ്.ടി പ്രമോട്ടേഴ്‌സ് പറയുന്നത്.
