ഇടുക്കി,വയനാട് ജില്ലകളിൽ രൂക്ഷമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുകയാണ്. സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആ​ഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കി.  രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും. 

തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ മഴക്കെടുതിക്ക് കുറവില്ല. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 26 ആയി. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്. 

ഇടുക്കി,വയനാട് ജില്ലകളിൽ രൂക്ഷമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുകയാണ്. കോഴിക്കോടും പാലക്കാടും മലപ്പുറത്തും പക്ഷേ ഇന്ന് മഴയ്ക്ക് ശമനമുണ്ട് . മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. അതേസമയം നീരൊഴുക്ക് ശക്തമായ ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകി കളയുകയാണ്. 

ഇതിനു മുന്നോടിയായി ഇന്നലെ തുറന്ന ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. ഇടമലയാറിലേക്ക് അധികമായി എത്തുന്ന നീരൊഴുക്കിനെ നിയന്ത്രിക്കാനായി 300 ക്യൂബിക്സ് വെള്ളം മാത്രമായിരിക്കും ഇവിടെ നിന്നും ഒഴുകി കളയുക. എന്നാൽ ഷട്ടറുകൾ ഉയർത്തുന്നതോടെ ഇടുക്കി ഡാമിൽ നിന്നും മൂന്ന് ലക്ഷം ലിറ്റർ വെള്ളം സെക്കൻഡിൽ ഒഴുകിയെത്തും എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആ​ഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും. രക്ഷാപ്രവർത്തനത്തിന്റേയും മഴക്കെടുതിയുടേയും വിവരങ്ങൾ വിശ​ദീകരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. 

സംസ്ഥാനത്തെ ഇന്നത്തെ മഴക്കെടുതിയുടെ വ്യാപ്തിയും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി രാവിലെ ഉന്നതതലയോ​ഗം വിളിച്ചു സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കര - വ്യോമ - നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് യോ​ഗം വിലയിരുത്തി.

ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് നേരത്തെ തുറന്നിരുന്നത്. സെക്കന്റിൽ ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. ഇത് സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്ററാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് തന്നെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നിട്ടില്ല.

നിലവിൽ 2401.22 അടി ജലമാണ് അണക്കെട്ടിലുള്ളത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഇപ്പോഴത്തെ നിലയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ മണിക്കൂറുകൾ കൊണ്ട് തന്നെ പരമാവധി സംഭരണശേഷിയിലേക്ക് ജലം എത്തുമെന്നതാണ് ആശങ്ക.

വെള്ളം കൂടുതൽ ഒഴുകിവന്നതോടെ ചെറുതോണിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വെള്ളം കൂടുതൽ വന്നാൽ ചെറുതോണി ബസ് സ്റ്റാന്റ് അടക്കം വെള്ളത്തിൽ മുങ്ങും. ചെറുതോണി നഗരത്തിലടക്കം നദിയുടെ ഇരുകരകളിലും മണ്ണിടിയുന്നുണ്ട്. വൻ തോതിൽ മരങ്ങൾ കടപുഴകി വീഴുന്നുണ്ട്. എത്താൻ കഴിയുന്നിടത്ത് നിന്നെല്ലാം മരം വെട്ടിമാറ്റാൻ അഗ്നിശമന സേന ശ്രമിക്കുന്നുണ്ട്. 

എന്നാല്‍ എല്ലാ സ്ഥലത്തേക്കും എത്താൻ ഇവർക്ക് കഴിയുന്നില്ല. പുഴയരികില്‍ നിന്ന മരങ്ങള്‍ കടപുഴകി വീണ് പാലത്തില്‍ കുരുങ്ങിയതാണ്കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ വെള്ളപ്പൊക്കമുണ്ടായത് ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ചെറുതോണി മുതല്‍ പെരിയാര്‍ വരെയുള്ള തീരങ്ങളില്‍ ജാഗ്രത പാലിക്കുന്നത്. 

അതേസമയം ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച്ച രാവിലെ തുറന്നതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അധികമായി തുറന്നു വിട്ട ജലം വൈകിട്ടോടെ ആലുവയിലെത്തിയേക്കും. ഇത് നിലവിലുളള വെള്ളപ്പൊക്കം രൂക്ഷമാക്കുമോ എന്നാണ് നാട്ടുകാരുടെ ഭീതി. 

നെടുന്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിക്കാനോ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാക്കാനോ അധികൃതര്‍ തീരുമാനിച്ചേക്കും. നിലവില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്നും വെള്ളത്തിന്‍റെ ഒഴുക് കൂടി കണക്കിലെടുത്ത് 12 മണിയ്ക്ക് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്എറണാകുളം ജില്ലയിലെ 57 ദുരിതാശ്വാസ ക്യാംപുകളായി 1076 കുടുംബങ്ങളിലെ 3521 പേര്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്. 

പാല്‍വെളിച്ചം കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തല്‍പ്പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 

നിലന്പൂര്‍ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതോടെ ചെട്ടിയാംപാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.'

വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. പഞ്ചായത്ത് ബസ്സ് സ്റ്റാന്‍റിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. ആളപായമില്ല. ബാണാസുര ഡാം ഷട്ടര്‍ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവിന് നേരിയ തോതില്‍ കുറവ് വരുത്തി. 190 സെന്‍റീ മീറ്ററില്‍ നിന്നും 160 സെന്‍റീ മീറ്ററാക്കിയാണ് കുറച്ചത്. 

എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. സന്നദ്ധസംഘടനകള്‍ ഇതിനോടകം പലയിടത്തും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡുവഴിയുള്ള കെഎസ്ആർടിസി സർവ്വീസ് വീണ്ടും തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് ഓടിത്തുടങ്ങിയത്. 24 ദിവസമായി കെഎസ്ആർടിസി സർവ്വീസ് ഇതുവഴി കോട്ടയത്തേക്കും തിരിച്ചും നിർത്തിവെച്ചിട്ട്. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതോടെ പമ്പ ഗണപതി ക്ഷേത്ര സന്നിധാനം ഒറ്റപ്പെട്ട നിലയിലാണ്.