ശമ്പളം നൽകാൻ താൽപര്യമില്ലാത്തവരല്ല, താൽപര്യമുള്ളവരിൽ നിന്നാണ് സമ്മതപത്രം വാങ്ങേണ്ടതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകള്‍ നിലപാട് കടുപ്പിക്കുന്നു. ശമ്പളം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം മാറ്റിയില്ലെങ്കിൽ പണം നൽകില്ലെന്ന് നിലപാടിലാണ് കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോ. 

ഒരു മാസത്തെ ശമ്പളം ഒറ്റത്തവണയായോ 10 ഗഡുക്കളായോ നൽകാൻ സമ്മതമല്ലാത്ത ജീവനക്കാർ രേഖാമൂലം അത് അറിയിക്കണമെന്നാണ് സർക്കാർ നിലപാട്. പറ്റില്ലെന്ന് അറിയിച്ചില്ലെങ്കിൽ ശമ്പളം പിടിക്കും. ഇത് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി പണം പിരിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ സംഘടനളുടെ ആരോപണം.

ശശമ്പളം നൽകാൻ താൽപര്യമില്ലാത്തവരല്ല, താൽപര്യമുള്ളവരിൽ നിന്നാണ് സമ്മതപത്രം വാങ്ങേണ്ടതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഒരു മാസത്തെ ശമ്പളം തരാൻ പറ്റാത്തവർ നിർദ്ദേശിക്കുന്ന തുക സംഭാവനായി സർക്കാർ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

എന്നാൽ സർക്കാർ നിലപാട് മാറ്റില്ലെന്നാണ് അറിയുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വഴി 2600 കോടിരൂപയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും.