രാജ്യത്ത് മൊബൈല്‍, ഹോട്ടല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ വിലകൂടും.സേവന നികുതിയില് അര ശതമാനം സെസ് കൂടി നിലവില്‍ വരുന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കൃഷി കല്യാണ് സെസ് ആണ് ജൂണ് ഒന്നു മുതല്‍ സേവന നികുതിക്കൊപ്പം നിലവില്‍ വരുന്നത്. ഇതോടെ സെസ് അടക്കം സേവന നികുതി 15 ശതമാനമാകും. ബാങ്ക് ഇടപാടുകള്‍, ഹോട്ടല്‍ ബില്ലുകള്‍, ഫോണ്‍ ബില്ലുകള്‍ തുടങ്ങിയവക്കാണ് ജൂണ് ഒന്നു മുതല്‍ നികുതി വര്‍ദ്ധിക്കുന്നത്. നേരത്തെ സ്വച്ഛ് ഭാരത് സെസ് കൂടി ഉള്‍പ്പെടുത്തി സേവന നികുതി അരശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതടക്കം നിലവില്‍ 14.5 ശതമാനമാണ് സേവന നികുതി. നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് കാണിച്ച് പല മൊബൈല്‍ സേവന ദാതാക്കളും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളയച്ച് തുടങ്ങിയിട്ടുണ്ട്.