ഇംഗ്ലീഷുകാര്‍ക്ക് മറുപണി കൊടുക്കുമെന്ന് ലൂക്ക മോഡ്രിച്ച്
മോസ്കോ: ലോകകപ്പില് അസാമാന്യ കുതിപ്പാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും ലോകകപ്പില് നടത്തിയത്. ക്വാര്ട്ടര് വരെ മാത്രം സാധ്യത കല്പ്പിച്ചിരുന്ന രണ്ടു ടീമുകളും അവസാന നാലില് എത്തി റഷ്യയിലെത്തിയത് വെറുതെ മടങ്ങാനില്ലെന്ന് തെളിയിച്ച് കഴിഞ്ഞു. സെമിയില് ഇംഗ്ലണ്ടും ക്രൊയേഷ്യയും എതിരിടുമ്പോള് ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടമാണ് നടക്കാന് ഇരിക്കുന്നത്.
മിഡ്ഫീല്ഡിന്റെ പ്രകടനത്തിന്റെ മികവില് കുതിപ്പ് നടത്തിയ ക്രൊയേഷ്യക്ക് മുന്നില് അവര് ഇതുവരെ നേരിടാത്തൊരു പ്രതിസന്ധിയാണ് ഇംഗ്ലീഷ് പടയെ നേരിടുമ്പോള് മുന്നിലുള്ളത്. നിര്ണായക സെമിക്ക് ഇറങ്ങുമ്പോള് ക്രൊയേഷ്യ ഭയപ്പെടുന്നത് ഇംഗ്ലണ്ടിന്റെ സെറ്റ് പീസ് തന്ത്രങ്ങളാണ്. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം സെറ്റ് പീസ് മികവിലൂടെയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ കോർണർ കിക്കോ, ഫ്രീകിക്കോ വഴങ്ങിയാൽ ഭയപ്പെടണം, പന്ത് മിക്കവാറും വലയിലെത്തും. ക്വാർട്ടർ ഫൈനൽ വരെ ഇംഗ്ലണ്ട് നേടിയ 11 ഗോളിൽ എട്ടും സെറ്റ് പീസിലൂടെ. ഇടത്, വലത് വിംഗുകളിൽ കളിക്കുന്ന ആഷ്ലി യംഗും കീരൻ ട്രിപ്പിയറുമാണ് ഡെഡ്ബോളുകൾ എതിർകോട്ട പിളർത്തി പെനാൽറ്റി ബോക്സിൽ എത്തിക്കുന്നത്.
അവിടെ പന്തിനായി കാത്തിരിക്കുന്നത് പ്രത്യേക പരിശീലനം കിട്ടിയ സഹതാരങ്ങളും. 1966 ലോകകപ്പിൽ പോർച്ചുഗൽ സെറ്റ് പീസുകളിലൂടെ നേടിയ എട്ട് ഗോളിന്റെ റെക്കോർഡിന് ഒപ്പമെത്തിക്കഴിഞ്ഞു ഗാരെത് സൗത്ത്ഗേറ്റിന്റെ പട്ടാളം. കോർണറിൽ നിന്ന് മാത്രം നാലു ഗോൾ. ഫ്രീ കിക്കിൽ നിന്ന് ഒന്നും പെനാൽറ്റിയിൽ നിന്ന് മൂന്നും.
പെനാൽറ്റി സ്പോട്ടിന് മുന്നിൽ മുട്ടുവിറയ്ക്കുന്ന ശീലം ഇംഗ്ലീഷ് താരങ്ങൾ റഷ്യയിൽ തട്ടിയകറ്റുന്നതും കണ്ടു. ടോപ്സ്കോറർ പട്ടികയിൽ മുന്നിലുള്ള ഹാരി കെയ്ന്റെ ആറ് ഗോളിൽ മൂന്നും സ്പോട്ട് കിക്കിൽനിന്ന്. ഇംഗ്ലണ്ടിന്റെ സെറ്റ് പീസ് ആക്രമണം തടയാൻ മറുതന്ത്രം കാണുമെന്നാണ് ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് പറയുന്നത്. ഉയരത്തിൽ ഇംഗ്ലീഷുകാർക്കൊപ്പം നിൽക്കുന്ന ക്രോട്ടുകൾ, കൂടുതൽ സെറ്റ് പീസ് ഗോളുകൾ നേടാൻ ശ്രമിക്കുമെന്നും മോഡ്രിച്ച് പറഞ്ഞു.
