ഏഴ് വയസ്സുകാരന്‍ ഇഷാന്‍ കമ്മീഷണറായി

ഹൈദരബാദ്: ഏഴ് വയസ്സുകാരന്‍ ഇഷാന്‍ മരണത്തോട് പടവെട്ടുകയാണ്. മരുന്നുകള്‍കൊണ്ട് മാത്രം പിടിച്ചുനിര്‍ത്തിയ ആ കുഞ്ഞ് ജീവന്റെ ഉള്ളില്‍ അപ്പോഴും ആഗ്രഹം ഒന്നുമാത്രം, തനിക്ക് പൊലീസുകാരനാകണം. മകന്റെ ആഗ്രഹമറിയുന്ന പെയിന്ററായ അച്ഛനും സ്‌നേഹനിധിയായ അമ്മയ്ക്കും ഉള്ളില്‍ പിടച്ചിലായിരുന്നു. അവന്റെ ആഗ്രഹം സാധിക്കില്ലല്ലോ എന്ന്. 

എന്നാല്‍ രണ്ടാം ക്ലാസുകാരനായ ഇഷാന്‍ പൊലീസ് കമ്മീഷണറായി. ഒരു ദിവസം മുഴുവന്‍ പൊലീസ് യൂണിഫോമണിഞ്ഞ് തന്റെ പേരെഴുതിയ ബാഡ്ജ് ധരിച്ച് സഹപ്രവര്‍ത്തക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏഴാം വയസ്സില്‍ ഇഷാന്‍ തന്റെ ജീവിതാഭിലാഷം നിറവേറ്റി. 

മേക്ക് എ വിഷ് ഫൗണ്ടേഷനാണ് ഇഷാന്റെ ആഗ്രഹ സാഫല്യത്തിനായി അച്ഛനും അമ്മയ്ക്കുമൊപ്പം ചേര്‍ന്നത്. കുഞ്ഞിന്റെ ആഗ്രഹം മേക്ക് എ വിഷ് ഫൗണ്ടേഷന്‍ അറിയിച്ചതോടെ സന്തോഷമാണ് തോന്നിയതെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. ആ ചെയറിലിരുന്നുള്ള ഇഷാന്റെ പുഞ്ചിരി കാണുമ്പോള്‍, പുതിയ തലമുറ പൊലീസ് ജോലി ആഗ്രഹിക്കുന്നുവെന്ന് അറിയുമ്പോള്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.