ഡയാലിസിസ് യൂണിറ്റിൽ ഗുരുതര അണുബാധ ബര്‍ക്കോൾഡേറിയ ബാക്ടീരിയ ബാധ രോഗികളില്‍ സ്ഥിരീകരിച്ചു അണുബാധ സ്ഥിരീകരിക്കുന്നത് ഈ വര്‍ഷം രണ്ടാം തവണ ആവശ്യമായ സുരക്ഷ നടപടി ക്രമങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്  

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഗുരുതര അണുബാധ. അപൂർവമായി കാണുന്ന ബര്‍ക്കോൾഡേറിയ ബാക്ടീരിയ ബാധ രോഗികളില്‍ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. എന്നാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് യൂണിറ്റില്‍ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ബാക്ടീരിയ ബാധ സ്ഥിരീകരിക്കുന്നത്. 30 മുതല്‍ 40 വരെ ഡയാലിസിസുകൾ ഇവിടെ നടക്കുന്നുണ്ട്. ഏപ്രിലിലാണ് ബാക്ടീരിയ ബാധ ആദ്യം കണ്ടെത്തിയത്. ഇത്തവണ ജൂണിലും ഈ മാസവുമായി ഡയാലിസിസ് നടത്തിയ ആറു രോഗികളിലും രോഗ ബാധ കണ്ടെത്തി. മണ്ണ് , വെള്ളം എന്നിവ വഴി പകരുന്ന ബാക്ടീരയുടെ ഉറവിടം തീവ്ര പരിചരണ വിഭാഗത്തിലടക്കം വെള്ളം എത്തിക്കുന്ന ജല സംഭരണി ആണെന്നാണ് നിഗമനം. ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് ബാക്ടീരിയ ബാധ ഉണ്ടായാൽ മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്.

അതേസമയം വെള്ളം ശേഖരിക്കുന്ന ടാങ്കും പൈപ്പും, ഡയാലിസിസിന് ഉപയോഗിക്കുന്ന ട്യൂബും വയറുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പുതിയ സ്റ്റീൽ ടാങ്കും പൈപ്പും സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.