കേരളം ചുട്ടുപൊള്ളും; വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

First Published 1, Mar 2018, 4:02 PM IST
severe drought warning for kerala
Highlights

മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസത്തെ ശരാശരി താപനില സംബന്ധിച്ചാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ദില്ലി: കേരളത്തില്‍ ഇത്തവണ വേനല്‍ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയില്‍നിന്നും താപനില 0.5 മുതല്‍ 1 ഡിഗ്രി വരെ കൂടുമെന്ന് കാലാവസ്ഥാ പ്രവചനവിഭാഗം ശാസ്‌ത്രജ്ഞ സുനിതാദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസത്തെ ശരാശരി താപനില സംബന്ധിച്ചാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയേക്കാള്‍ കുറവാണെങ്കിലും ഇത്തവണ കേരളത്തില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം ശാസ്‌ത്രജ്ഞ സുനിതാദേവി പറഞ്ഞു. വടക്ക് കശ്‍മീര്‍ മുതല്‍ തെക്ക് തെലുങ്കാന വരെയും ചുട്ടുപൊള്ളും. 

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ തന്നെ കൂടിയ താപനിലയിലെ വര്‍ധന രണ്ട് മുതല്‍ അഞ്ച് ഡിഗ്രി വരെയാണ്. ഇവിടങ്ങളില്‍ മേയ് വരെ മൂന്ന് മാസത്തെ ശരാശരി താപനില ഒരു ഡിഗ്രിക്ക് മുകളില്‍ വര്‍ധിക്കും. പര്‍വ്വത സംസ്ഥാനങ്ങളായ ഹിമാചലിലും ഉത്തരാഖണ്ഡിലുമാവും ശരാശരി താപനില ഏറ്റവും ഉയരുക. ആഗോള താപനമാണ് ചൂട് കൂടുന്നതിന്റെ പ്രധാന കാരണമെന്ന് പൂനെയിലെ കേന്ദ്ര കാലാവസ്ഥാ പ്രവചന വിഭാഗം തലവന്‍ ഡി.എസ് പൈ പറഞ്ഞ‌ു. നഗരവത്ക്കരണ തോത് കൂടുന്നത് കേരളത്തില്‍ ചൂട് കൂടാനുള്ള കാരണമാകുന്നുണ്ടെന്നും ഡി.എസ് പൈ ചൂണ്ടിക്കാട്ടി.

loader