സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ മൂന്നര ലക്ഷത്തോളം ആളുകള്‍ പ്രയോജനപ്പെടുത്തി. സൗദിയില്‍ താമസിക്കുന്ന നിയമലംഘകരായ വിദേശികള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 21 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് രാജ്യം വിടുന്നതിനു പ്രഖ്യാപിച്ച പൊതുമാപ്പ് ഇതിനകം 3,45,089 പേര്‍ പ്രയോജനപ്പെടുത്തിയതായി ജവാസാത് ഉപമേധാവി കേണല്‍ ദയ്ഫുല്ലാ സ്വതാം അല്‍ ഹുവൈഫി വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞ മാര്‍ച്ച് 29 നാണ് ആരംഭിച്ചത്. 90 ദിവസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പു അവസാനിക്കാന്‍ ഇനി 21 ദിവസം മാത്രമാണ് ബാക്കിയുള്ളത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു കടുത്തശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജവാസാത് ഉപമേധാവി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകരുടെ വിവരങ്ങള്‍ മറച്ചു വെയ്ക്കല്‍, അവര്‍ക്ക് ജോലി-താമസ സൗകര്യം നല്‍കല്‍ തുടങ്ങിയ നിയമ ലംഘനം നടത്തുന്നവര്‍ വന്‍ സംഖ്യ പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്കും വിധേയമാകേണ്ടി വരും. അതേസമയം പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ ലഭിച്ചത് 28,356 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ്. ഇതില്‍ 27,855 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
