കിയോസ്‌ക് നോക്കുക്കുത്തി; സേവ്യംകൊല്ലിക്കാര്‍ കുടിവെള്ളത്തിന് ക്യൂ നില്‍ക്കുന്നു

First Published 29, Mar 2018, 3:09 AM IST
sevyamkolli peoples stand up to drinking water
Highlights

ഏക ആശ്രയം കബനി കുടിവെള്ള പദ്ധതി മാത്രം

വയനാട്: പുല്‍പള്ളിക്കടുത്ത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ സേവ്യം കൊല്ലിക്കാര്‍ക്ക് കുടിവെള്ളം കിട്ടാന്‍ ക്യൂ നില്‍ക്കണം. ജില്ലയില്‍ തന്നെ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായിട്ടും ഇവിടെ കുടിവെള്ളമെടുക്കാനായി സ്ഥാപിച്ച കിയോസ്‌ക് നോക്കുകുത്തിയാണ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകളും കുളങ്ങളും വേനലാരംഭത്തില്‍ തന്നെ വറ്റും. 

വെള്ളം ലഭിക്കാത്തതിനാല്‍ കുഴല്‍ക്കിണര്‍ പോലെയുള്ള സംവിധാനങ്ങള്‍ക്കും ആരും മിനക്കെടാറില്ല. കബനി പദ്ധതിയില്‍ നിന്നും വല്ലപ്പോഴും എത്തുന്ന ജലമാണ് പ്രദേശത്തുള്ളവര്‍ക്ക് ആശ്രയം. ഒരു കിലോമീറ്റര്‍ മാറി പഞ്ചായത്ത് കിണര്‍ ഉണ്ടെങ്കിലും വെള്ളം വറ്റി. ഫലത്തില്‍ കുടിവെള്ളത്തിന് പോലും അലയേണ്ട ഗതികേടിലാണിവര്‍.  

കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനലില്‍ റവന്യു വകുപ്പ് പ്രദേശത്തേക്ക് വെള്ളമെത്തിച്ച് നല്‍കിയിരുന്നു. ഇത്തവണ വരള്‍ബാധിത ജില്ലകളിലൊന്നായി വയനാടിനെ കണക്കാക്കിയിട്ട് പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വേനലിലാണ് ജല കിയോസ്‌ക് സേവ്യംകൊല്ലി കുന്നില്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ വേനലില്‍ ഇതിലേക്ക് ഒരിറ്റ് വെള്ളമെത്തിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

കബനി ജലവിതരണ പദ്ധതി മാത്രമാണ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ആശ്രയം. ഇവിടെ നിന്നാകട്ടെ കൃത്യമായി വെള്ളം ലഭിക്കുന്നുമില്ല. വെള്ളം വരുന്ന സമയങ്ങളില്‍ ആകെയുള്ള ഒരു ടാപ്പിന് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ശക്തിയില്ലാതെയാണ് വെള്ളം പാത്രങ്ങളിലെത്തുന്നത്. ഇത് കാരണം ഒരു പാത്രം നിറയാന്‍ തന്നെ മിനിറ്റുകളെടുക്കും. പ്രദേശത്തിന്റെ ഉയര്‍ച്ച കാരണം എല്ലായിടത്തും ടാപ്പ് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. അതേ സമയം കിയോസ്‌കില്‍ ഉടന്‍ വെള്ളംമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലടക്കം പരാതി നല്‍കിയിട്ടുണ്ട് നാട്ടുകാര്‍.
 

loader