യമുനനഗര്‍: ഹരിയാനയിലെ അച്ഛനും, മകളും അടങ്ങിയ പെണ്‍വാണിഭ സംഘം പിടിയില്‍. യുവതികളെ വലയിലാക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. അച്ഛനും മകളും ചേര്‍ന്നാണ് യുവതികളെ വലയിലാക്കിയിരുന്നത്. 

യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് മകള്‍ അവരെ വീട്ടിലേക്ക് ക്ഷണിക്കും. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണവും പാനീയവും നല്‍കി മയക്കും. തുടര്‍ന്ന് അച്ഛന്‍ ഇവരെ മാനഭംഗപ്പെടുത്തുകയും മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു. എതിര്‍ക്കുന്ന യുവതികളെ ഇവര്‍ ഭീഷണിപ്പെടുത്തും. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പിടിച്ചുവാങ്ങൂകയും ചെയ്യും.

പീഡനത്തിന് ഇരയായ യുവതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ തയ്യാറായതോടെയാണ് പീഡനക്കാര്‍ പിടിയിലായത്. ഇരയായ പെണ്‍കുട്ടികളില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രരായ പെണ്‍കുട്ടികളെ വ്യഭിചാരത്തിനു വേണ്ടിയാണ് ഇവര്‍ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഭീഷണിയ്ക്ക് വഴങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പാകും. അല്ലെങ്കില്‍ ഭീഷണി തുടങ്ങും. ഇങ്ങനെയാണ് ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് ഇരകളില്‍ ഒരാള്‍ പറഞ്ഞു.

ഒരിക്കല്‍ പണം നല്‍കിയാല്‍ കൂടുതല്‍ തുകയ്ക്കായി ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ 10,000 രൂപ നല്‍കിയെങ്കിലും കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഇര പറയുന്നു. പിതാവ് ഇരകളെ മാനഭംഗപ്പെടുത്തുമ്പോള്‍ മകള്‍ ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചു.