ഹൈദരാബാദ്: ബോളിവുഡ് നടിയും ഹിന്ദി സീരിയൽ താരവുമടങ്ങുന്ന പെൺവാണിഭ സംഘം ഹൈദരാബാദിൽ പിടിയിൽ. നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടത്തിയ റെയ്ഡിലാണ് പ്രത്യേക പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിന്‍റെ പ്രധാന ഏജന്‍റിനായി തെരച്ചിൽ തുടരുകയാണ്.

ഹൈദരാബാദ് നോർത്ത് സോൺ ടാസ്ക് ഫോഴ്സ് ആണ് പെൺവാണിഭ സംഘത്തെ പിടികൂടിയത്.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റെയ്ഡ്. അഞ്ച് പേർ അറസ്റ്റിലായി. ഒരാൾ ബോളിവുഡിലെ പുതുമുഖ നടിയും മറ്റൊരാൾ ബംഗാളി,ഹിന്ദി സീരിയലുകളിലെ പ്രശസ്ത താരവുമാണ്. ഒരു സംവിധായകനും ഇയാളുടെ സഹായിയും പിടിയിലായവരിലുണ്ട്. 

മുംബൈക്കാരനായ മോനിഷ് കഡക്കിയ എന്ന സംവിധായകനാണ് ഇടനിലക്കാരനായി നിന്നിരുന്നത്. അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് ഇയാൾ നടിമാരെ അനാശാസ്ത്തിന്യ പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. പ്രധാന ഏജന്‍റായ ജനാർദ്ദൻ ജാനിക്കായി തെരച്ചിൽ തുടങ്ങി. അടുത്തടുത്ത രണ്ട് മുറികളിൽ നിന്നാണ് നടിമാർ പിടിയിലായത്. അമ്പത്തിയയ്യായിരം രൂപയും മുറികളിൽ നിന്ന് കണ്ടെടുത്തു. ദിവസം ഒരു ലക്ഷം രൂപവരെയാണ് ഏജന്‍റുമാർ വിലയിട്ടിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

വൻകിട ഹോട്ടലുകളായിരുന്നു കേന്ദ്രം. പിടിയിലായ ബോളിവുഡ് നടി ചില തെലുങ്ക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് മുംബൈയിൽ നിന്ന് നടിമാർ ഹൈദരാബാദിൽ എത്തിയത്. സംഘത്തിൽ കൂടുതൽപേർ ഉടൻ പിടിയിലാവുമെന്നും അന്വേഷണം ഊർജിതമാണെന്നും ഹൈദരാബാദ് ടാസ്ക് ഫോഴ്സ് അറിയിച്ചു.