മൈസൂര്‍ ദസറ ആഘോഷത്തിന്‍റെ മറവില്‍ പെണ്‍വാണിഭത്തിന് കോപ്പ് കൂട്ടി മാഫിയകള്‍. ഏഷ്യാനെറ്റ് ന്യൂസബിള്‍ സൈറ്റ് നടത്തിയ അന്വേഷണമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് അത്യാധുനിക രീതിയിലാണ് ഈ മാംസ കച്ചവടം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ അധികാരികള്‍ക്കോ പോലീസിനോ ഇതിനെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസബിള്‍ സംഘം ഇത്തരത്തില്‍ മാംസകച്ചവടം നടത്തുന്ന ഒരു ഏജന്‍റിനെ ഫോണില്‍ ബന്ധപ്പെട്ടു. ഉത്സവകാലത്ത് പ്രത്യേക ഓഫറുകള്‍ ലഭിക്കുമെന്നാണ് ഈ ഏജന്‍റ് പറഞ്ഞത്. വിജയലക്ഷ്മി എന്നായിരുന്നു ഈ ഏജന്‍റിന്‍റെ പേര്. 

കോളേജ് കുട്ടികളെ അടക്കം ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് തരാം എന്നാണ് മറ്റൊരു ഏജന്‍റായ വിനുതാ പറയുന്നത്. പെണ്‍കുട്ടികളെ തീര്‍ത്തും സുരക്ഷിതമായ ഇടങ്ങളില്‍ എത്തിച്ചുതരുമെന്ന് ഇയാള്‍ പറയുന്നു. പേടിഎം പോലുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ ആപ്പുവഴി പണം കൈമാറാനാണ് എല്ലാ ഏജന്‍റുമാരും ആവശ്യപ്പെടുന്നത്. ഇതാണ് കൂടുതല്‍ പണം കൈമാറ്റത്തിന് സുരക്ഷിതമെന്നാണ് ഇവര്‍ പറയുന്നത്. 

ഈ വിവരങ്ങള്‍ ചൂണ്ടികാണിച്ചപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ ജാഗരൂഗരകുവാന്‍ മൈസൂര്‍ പോലീസിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു എന്നാണ് മൈസൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ എഎസ് റാവു പറയുന്നത്.