ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കൂടുതൽ പ്രതിരോധത്തിൽ. മഠത്തിൽ തങ്ങിയില്ലെന്ന മൊഴി തെറ്റെന്ന് അന്വേഷണം സംഘം. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സമ്മതിച്ച് ഫാ ജെയിംസ് എർത്തയിൽ. ഇടനിലക്കാരനായത് ബിഷപ്പ് പണം നൽകുമെന്ന ഉറപ്പിലെന്ന് മൊഴി.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആദ്യമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മറിച്ചുള്ള ബിഷപ്പിന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. ഇതിനിടെ കേസിലെ സാക്ഷിയായ കന്യാസ്ത്രിയെ സ്വാധീനിക്കാൻ ഫ്രാങ്കോമുളക്കലിന്റ പരിചയക്കാരന്റ നിർദ്ദേശപ്രകാരമാണ് ശ്രമിച്ചതെന്ന് ഫാദർ ജെയിംസ് എർത്തയിൽ മൊഴി നൽകി.

2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ വച്ചാണ് ബിഷപ്പ് ആദ്യമായി പിഢീപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം വ്യാജമാണെന്ന് മനസിലായത്. ഈ സഭവത്തിനും ഒരു വ‌ർഷം മുൻപ് 2013 ജനുവരി മാസത്തിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവിൽ ബിഷപ്പ് തൊടുപുഴയിൽ വന്നിട്ടില്ലെന്ന് മദർ സുപ്പീരിയറും മൊഴി നൽകി. മെയ് അഞ്ചിന് തൊടുപുഴയിലായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം ജലന്ധറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന.ബിഷപ്പിന്റ മൊഴി ശരിയായിരുന്നുവെങ്കിൽ എഫ്ഐആർ തന്നെ നിലനിൽക്കില്ലായെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ആ ഘട്ടത്തിൽ വിലയിരുത്തിയിരുന്നു മൊഴി കളവാണെന്ന് തെളിഞ്ഞതോടെ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി

ജലന്ധർ രൂപതയുമായി ബന്ധമുള്ള കോതമംഗലം സ്വദേശിയായ ഷോബി ജോർജ്ജാണ് മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന് പറ‌ഞ്ഞതെന്നാണ് ഫാ ജെയിംസ് എർത്തയിലന്റ മൊഴി. കേസിൽ നിന്ന് പിൻമാറിയാൽ പുതിയ മഠം രൂപികരിക്കാൻ സ്ഥലവും പണവും ജലന്ധർ രൂപത നൽകുമെന്നും അറിയിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യസാക്ഷി സിസ്റ്റർ അനുപമയുമായി സംസാരിച്ചതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ ഫാ ജെയിംസ് എർത്തയിൽ വ്യക്തമാക്കി.