മിനെസോട്ട പബ്ലിക് റേഡിയോ ന്യൂസിലൂടെയാണ് ലോറ തന്റെ അച്ഛനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 9 വയസ്സുള്ളപ്പോള്‍ മുതല്‍ അച്ഛന്‍ 'അരുതാത്ത' രീതിയില്‍ തൊടാന്‍ തുടങ്ങിയെന്നും പേടി കൊണ്ടാണ് മറുത്ത് ഒന്നും പറയാതിരുന്നതെന്നും അവര്‍ പറഞ്ഞു

മിനെസോട്ട: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മിനെസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗവുമായ ജിം നോബ്ലാക്കിനെതിരെ ആരോപണവുമായി മകള്‍ രംഗത്ത്. തന്നെ 10 വര്‍ഷത്തോളം അച്ഛന്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് 23കാരിയായ ലോറ നോബ്ലാക്കിന്റെ ആരോപണം. 

മിനെസോട്ട പബ്ലിക് റേഡിയോ ന്യൂസിലൂടെയാണ് ലോറ തന്റെ അച്ഛനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 9 വയസ്സുള്ളപ്പോള്‍ മുതല്‍ അച്ഛന്‍ 'അരുതാത്ത' രീതിയില്‍ തൊടാന്‍ തുടങ്ങിയെന്നും പേടി കൊണ്ടാണ് മറുത്ത് ഒന്നും പറയാതിരുന്നതെന്നും അവര്‍ പറഞ്ഞു. 

'കിടക്കാന്‍ പോകുമ്പോള്‍ അച്ഛനും കൂടെ വന്ന് കിടക്കുമായിരുന്നു. പിന്നെ കഴുത്തിലും കൈകളിലും ചെവിയിലുമെല്ലാം ഉമ്മ വയ്ക്കും. അടുക്കളയിലൊക്കെ നില്‍ക്കുമ്പോള്‍ എത്രയോ തവണ ഇഷ്ടമില്ലാത്ത രീതിയില്‍ തൊട്ടിരിക്കുന്നു. പലപ്പോഴും അനങ്ങാനാകാത്ത രീതിയില്‍ ചുറ്റിപ്പിടിക്കും. എന്നിട്ട് കഴുത്തിലും ചെവിയിലുമെല്ലാം കടിക്കും. പേടി കൊണ്ട് മാത്രമാണ് അന്നെല്ലാം തിരിച്ച് ഒന്നും പറയാതിരുന്നത്'- ലോറ പറഞ്ഞു. 

എന്നാല്‍ മകളുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജിം പ്രതികരിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടത്തിക്കൊണ്ടിരുന്ന തയ്യാറെടുപ്പുകളും പ്രചരണ പരിപാടിയും സംഭവത്തോടെ ജിം ഉപേക്ഷിച്ചിരിക്കുകയാണ്. മകളുമായി ഒരു തുറന്ന പോരിന് താല്‍പര്യമില്ലെന്നാണ് ജിം ഇതെക്കുറിച്ച് പ്രതികരിച്ചത്. ജിമ്മിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ലോറയുടെ ആരോപണങ്ങള്‍ സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ നടപടിയുണ്ടാകൂ. 

2016 മുതല്‍ ലോറ കുടുംബവുമായി അകന്നുകഴിയുകയാണ്. അതേസമയം ജിമ്മിനെതിരെ മകള്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മിനെസോട്ടയില്‍ വഴിവയ്ക്കുകയാണ്.