ഫോണിൽ മോശമായി സംസാരിച്ചതിന്റ ശബ്ദരേഖയും കത്തിനൊപ്പം ചേർത്തിട്ടുണ്ടെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു കന്യാസ്ത്രീ കത്തൊന്നും നൽകിയില്ലെന്നാണ് കർദ്ദിനാൾ നേരത്തെ പ്രതികരിച്ചിരുന്നത്

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ കർദ്ദിനാൾ ജോർ‍ജ്ജ് ആലഞ്ചേരിക്ക് നൽകി പരാതി പുറത്ത്. അന്വേഷണസംഘം നാളെ കർദ്ദിനാളിന്റ മൊഴിയെടുക്കാനിരിക്കെയാണ് ബിഷപ്പ് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വർഷം ജൂലൈ 11ന് കർദ്ദിനാളിന് നൽകിയ കത്ത് പുറത്ത് വരുന്നത്. കന്യാസ്ത്രീ കത്തൊന്നും നൽകിയില്ലെന്നാണ് കർദ്ദിനാൾ നേരത്തെ പ്രതികരിച്ചിരുന്നത്.

ജലന്ധർ കത്തോലിക്കാ ബിഷപ്പ് മോശമായി പെരുമാറുന്നുവെന്നും ഫോണിൽ മോശം സന്ദേശം അയക്കുന്നുവെന്നുമാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് നൽകിയ കത്തിൽ കന്യാസ്ത്രീ ആരോപിക്കുന്നത്. കത്തിലൂടെ എല്ലാ കാര്യങ്ങളും പറയാൻ കഴിയില്ലെന്നും നേരിട്ട് കാണാൻ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഠത്തിലെ മറ്റ് ചില കന്യാസ്ത്രിമാരോടും ലൈംഗികചുവയോടെ ബിഷപ്പ് സംസാരിക്കും. ഫോണിൽ മോശമായി സംസാരിച്ചതിന്റ ശബ്ദരേഖയും കത്തിനൊപ്പം ചേർത്തിട്ടുണ്ടെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. 

പാലാ ബിഷപ്പിന്റ നിർദ്ദേശപ്രകാരമാണ് കത്തെഴുന്നത്. മിഷനറീസ് ഓഫ് ജീസസിനെ തകർക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പുതിയ സന്യാസിസമൂഹം രൂപീകരിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു. പ്രശ്നങ്ങൾ സഭായ്ക്കുള്ളിൽ പരിഹരിക്കാൻ താല്പര്യമുള്ളതിനാലാണ് പൊലീസിന് ഇതുവരെയും സമീപിക്കാത്തതെന്നും കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ബിഷപ്പിനെതിരെ മിഷനറീസ് ഓഫ് ജീസസിലെ മദർ ജനറാളിനെയും കന്യാസ്ത്രീ സമീപിച്ചിരുന്നുവെന്ന വ്യക്തമാക്കുന്ന കത്തും പുറത്ത് വന്നു. കഴിഞ്ഞ ഒന്നാം തീയതി അന്വേഷണസംഘത്തെ കണ്ടശേഷം മിഷനറീസ് ഓഫ് ജീസസ് സന്യാസിസമൂഹത്തിലെ കൗൺസിലറിന്റ ഈ വാക്കുൾ തള്ളുന്നതാണ് പുതിയ കത്ത്. ഡിസംബർ 15നാണ് മദർ ജനറാളിന് കത്തയച്ചത്.