തൃശൂര്‍: തൃശ്ശൂർ മൈലിപ്പാടത്ത് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പീഡന ശ്രമം. തൃശൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശികളായ ദമ്പതികൾക്ക് നേരെയാണ് ആക്രമണം.സംഭവത്തിൽ ഈസ്റ്റ് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തൃശൂര്‍ ടൗണിൽ നിന്നും സാധനങ്ങൾ മൈലിപ്പാടത്തെ സഹോദരിയുടെ വീട്ടിലേക്ക് പോകും വഴിയാണ് ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആളൊഴിഞ്ഞ വഴിയിൽ വച്ച് രണ്ട് പേര്‍ ഭര്‍ത്താവിനെ ആക്രമിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ആക്രമികളെ പിടികൂടി.

മൈലിപ്പാടം സ്വദേശി ഡേവിസ്, ലാലൂര്‍ സ്വദേശി എന്നിവരാണ് പിടിയിലായത്. പ്രതികളെ കസ്റ്റഡിയിലെടുത്ത തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതികൾക്കെതിരെ പീ‍ഡനശ്രമത്തിന് കേസെടുത്തിട്ടുണ്ട്.