തൃശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ എബിവിപി സംഘര്‍ഷം. കോളേജില്‍ എബിവിപി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടത്തിയ യോഗത്തിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം. എട്ടു പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകര്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് എബിവിപി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കയ്യൊപ്പ് എന്ന പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു.

കോളജ് ഗേറ്റിനു പുറത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് അല്‍പ്പസമയത്തിനു ശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് കല്ലെറിഞ്ഞു തുടങ്ങിയത്.തുടര്‍ന്ന് എബിവിപി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുളള ഉന്തും തള്ളും കുറച്ചു നേരെ നീണ്ടുനിന്നു.

പിന്നീട് പൊലീസ് എത്തിയാണ് സ്ഥതി ശാന്തമാക്കിയത്.സമാധാനപരമായി നടത്തിയിരുന്ന യോഗം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മനപൂര്‍വ്വം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ 8 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.