ഇടുക്കി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയെ എസ് എഫ് ഐ പ്രവർത്തകർ ബലമായി രാജിവെപ്പിച്ചതായി പരാതി. കുമളി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന സഹ്യ ജ്യോതി കേളജിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ വിദ്യാർത്ഥികൾ തടഞ്ഞിട്ട് ഗേറ്റ് പൂട്ടി.
വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബി.എ വിദ്യാർഥിനിയായ ബുൾബുൾ റോയി എതിരില്ലാതെ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ഫീസ് കുടിശ്ശികയായതിനെ തുടർന്ന് എതിർ സ്ഥാനാർഥിയും എസ്.എഫ്.ഐയുടെ പ്രതിനിധിയുമായിരുന്ന ജിതിന്റെ നോമിനേഷൻ തള്ളിയതോടെയാണ് ബുൾബുൾ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ബുൾബുൾ റോയി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്രതീക്ഷിതമായി ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട എസ്.എഫ്.ഐക്കാർ തന്നെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചുവെന്നാണ് ബുൾബുൾ പറയുന്നത്.
എസ്.എഫ്.ഐ പ്രവർത്തകനായ ജിഷ്ണുവിനെ കോളേജ് ചെയർമാനായി പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ ബുൾബുൾ റോയിയുമായി സംസാരിച്ചു നിൽകുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തുകയും വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു. മാധ്യമ പ്രവർത്തകർ പകർത്തിയ സംഭവങ്ങൾ നശിപ്പിച്ചാൽ മാത്രമേ വാഹനങ്ങൾ പുറത്തിറക്കുകയുള്ളൂവെന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്. സംഭവങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ കോളേജ് ചെയർമാൻ ജിഷ്ണു ബുൾബുൾ റോയിയുടെ കൈയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി.
പോലീസ് എത്തി മാധ്യമ പ്രവർത്തകരും കോളേജ് അധികൃതരുമായി ചർച്ച നടത്തിയാണ് വാഹനങ്ങൾ പുറത്തിറക്കിയത്. സംഭവം സംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നൽകുമെന്ന് ബുൾബുൾ റോയി പറഞ്ഞു.
