തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഉന്തും തള്ളും രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി.

ഒരു വിദ്യാര്‍ഥിക്ക് വഴിവിട്ട് സര്‍വകലാശാല മാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് എസ്എഫ്‌ഐ വൈസ് ചാന്‍സലര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. വിവാദം ശക്തമായത്തോടെ വിസി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ ആസ്ഥാനത്തിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് ആരംഭിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ശനിയാഴ്ച വിഷയം ചര്‍ച്ച ചെയ്യാനിരിക്കേയാണ് എസ്എഫ്‌ഐയുടെ മാര്‍ച്ച്. 

ശനിയാഴ്ചത്തെ യോഗത്തില്‍ വിദ്യാര്‍ഥിക്ക് വഴിവിട്ട് മാര്‍ക്ക് നല്‍കിയ വിഷയത്തില്‍ വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ഇന്ന് എസ്എഫ്‌ഐ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. സര്‍വ്വകലാശാലയിലെ അധ്യാപകനിയമന വിവാദവും ശക്തമായിരുന്നു. അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കി അനര്‍ഹരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഉയരുന്ന ആക്ഷേപം.