Asianet News MalayalamAsianet News Malayalam

മുസ്ലീം ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തു; മലപ്പുറത്ത് നാളെ ഹര്‍ത്താല്‍

SFI MSF clash in perinthalmanna
Author
First Published Jan 22, 2018, 5:11 PM IST

മലപ്പുറം: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. 

എം എസ് എഫ് സ്ഥാപിച്ച കൊടിമരം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാറ്റിയെന്ന് ആരോപിച്ച് എം എസ് എഫ് പ്രവര്‍ത്തകര്‍ ക്യാമ്പാസിലേക്കു മാർച്ച് നടത്തുകയായിരുന്നു. ലീഗ് പ്രവർത്തകരും ഇതിൽ പങ്കെടുത്തതായാണ് എസ് എഫ് ഐ ആരോപണം. മാർച്ചിനെ തുടർന്ന് നടന്ന സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് നാളെ മലപ്പുറത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

തുടർന്ന് എസ് എഫ്  ഐ പ്രവർത്തകര്‍ പെരിന്തൽമണ്ണയിലേക്ക് മാർച്ച് നടത്തി. വിദ്യാര്‍ത്ഥികളുടെ പ്രകടനം ലീഗ് ഓഫീസിലെത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലീഗ് നിയോജക മണ്ഡലം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സ്ഥലത്ത് സമാധാന നില തിരിച്ചുപിടിച്ചത്. 

സംഭവത്തില്‍ നാല് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്  തുടർന്ന് ലീഗ് അണികൾ കോഴിക്കോട് പാലക്കാട് ദേശീയ പാത ഉപരോധിച്ചു. ഉപരോധം ഇപ്പോഴും തുടരുകയാണ്. മുഴുവൻ കുറ്റവാളികളും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്  ആഹ്വാനംചെയ്ത ഹർത്താൽ പെരിന്തൽമണ്ണയിൽ  തുടരുകയാണ്.
 

Follow Us:
Download App:
  • android
  • ios