കത്തിമുനയില്‍ തീര്‍ന്നത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ ഗ്രാമത്തിന് നഷ്ടമായത് സ്‌നേഹ സമ്പന്നനായ കൂട്ടുകാരനെ

ഇടുക്കി:എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ടിന്‍റെ കൊലകത്തിയില്‍ പൊലിഞ്ഞത് കര്‍ഷക തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും. നാടിന് നഷ്ടമായത് എപ്പോഴും ചിരിക്കുന്ന മുഖവുമായി നിറഞ്ഞ് നിന്നിരുന്ന തങ്ങളുടെ പ്രിയ സഖാവിനെ. അഭിമന്യൂവിന്റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലില്‍ നിന്നും വട്ടവടയെന്ന കുടിയേറ്റ ഗ്രാമം ഇനിയും മുക്തമായിട്ടില്ല. കേരളാ - തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യുവിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്.

പഠനത്തില്‍ മിടുക്കനായിരുന്ന അഭിമന്യു പ്ലസ്റ്റൂ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് കോവിലൂര്‍ ഗവ. ഹയര്‍സെക്കണ്ടരി സ്‌കൂളിലാണ്. മികച്ച മാര്‍ക്ക് വാങ്ങി വിജയച്ചിതിന് ശേഷം ഉപരിപഠനത്തിനായി മഹാരാജാസിലേയ്ക്ക് പോകുമ്പോള്‍ വലിയ പ്രതീക്ഷകളാണ്ടായിരുന്നത്. അഭിമന്യുവിന്റെ പിതാവ് മനോഹരനും, അമ്മ ഭൂപതിയും കര്‍ഷക തൊഴിലാളികളാണ്. ഇവരുടെ തുശ്ചമായ വരുമാനം കൊണ്ടാണ് കുട്ടികളുടെ പഠനവും ജീവിത ചിലവുകളും മുമ്പോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ അഭിമന്യുവില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയായിരുന്നു ഈ കുടുംബം. 

തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും നല്ല രീതിയില്‍ നോക്കുകയെന്നതായിരുന്നു അഭിമന്യുവിന്‍റെ സ്വപ്നം. തനിക്ക് ജോലി കിട്ടിയാല്‍ ബുദ്ധിമുട്ടുകള്‍ മാറുമെന്ന് അഭിമന്യു മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാമ്പസ് രാഷ്ട്രീയത്തില്‍ രക്തസാക്ഷിയായി മാറിയപ്പോള്‍ ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ഒപ്പം വട്ടവടയെന്ന കുടിയേറ്റ ഗ്രാമത്തിന് നഷ്ടമായത് സ്‌നേഹ സമ്പന്നനായ കൂട്ടുകാരെനെയുമാണ്. എല്ലാവരോടും അടുത്തിടപഴകുന്ന അഭിമന്യു നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ മരണം വലിയ ആഘാതമാണ് നാട്ടുകാര്‍ക്കുണ്ടാക്കിയിരിക്കുന്നത്.