മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത് ആക്രമണത്തിന് പിന്നില്‍ ക്യാംപസ് ഫ്രണ്ടെന്ന് പോലീസ്

ഏറണാകുളം: മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രി പന്ത്രണ്ട് മണിയോടെയാണ് അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനും കുത്ത് ഏറ്റു.

ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപേര്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്ന് പോലീസ് അറിയിച്ചു. മരിച്ച അഭിമന്യു എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമാണ്. രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിമന്യു. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ഒരു തൂണിൽ എസ്എഫ്ഐ ബുക്ഡ് എന്ന എഴുത്ത് വകവയ്ക്കാതെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. എസ്എഫ്ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിന് ശേഷം എണ്ണത്തില്‍ കുറവായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുപോയി പോപുലർ ഫ്രണ്ട്കാരുമായി എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഇതിനിടെ പോപുലർ ഫ്രണ്ട്‌ പ്രവർത്തകർ കത്തിയെടുത്തു കുത്തി.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ അഭിമന്യു അബോധവസ്ഥയിലായി. കൂടെ ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റു. അഭിമന്യുവിനെ ഉടൻ സമീപത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അര്‍ജ്ജുന്‍ ചികില്‍സയിലാണ്.എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയ അര്‍ജുന്‍ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

കോട്ടയം സ്വദേശികളായ ബിലാല്‍, ഫറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ്, എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി.കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അഭിമന്യുവിന്‍റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. എസ്എസ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.