തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും മറ്റ് സംഘടനകളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയവരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്നാണ് ആരോപണം. സംഘട്ടനത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വരുന്ന 28നാണ് യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്.  ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസമായിരുന്നു നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. എന്നാല്‍ പത്രിക സമര്‍പ്പിക്കാനെത്തിയവരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് ആരോപണം. പത്രിക സമര്‍പ്പിക്കാനും അവരെ പിന്തുണയ്‌ക്കാനും എത്തിവര്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിനെതിരെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. സക്കീര്‍, ഷാഹിന്‍, അംഹര്‍ എന്നിവരാണ് ചികിത്സതേടിയത്. എന്നാല്‍ ആരോപണം എസ്.എഫ്.ഐ നിഷേധിച്ചു.