ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനായി താരം നടത്തിയ തീവണ്ടിയാത്രക്കിടെ ഒരാള്‍ മരിച്ചു. രയീസിന്റെ പ്രചാരണാർത്ഥം ഷാരൂഖ് ഖാൻ നടത്തിയ ട്രെയിൻ യാത്രക്ക് ഇടയിലാണ് അപകടം

ബുധനാഴ്ചയാണ് ഷാരൂഖ് അധോലോക ഗുണ്ടയായി വേഷമിടുന്ന രയീസ് തീയറ്ററുകളിലെത്തുന്നത്. ഇതിനകം ചർച്ചയായി കഴിഞ്ഞ സിനിമയുടെ പ്രചാരണം കൊഴുപ്പിക്കാനാണ് താരം മുംബൈയിൽ നിന്ന് ദില്ലി വരെ ട്രെയിൻ യാത്ര നടത്തിയത്. മുംബൈയിലെ വീടായ മന്നത്തിൽ നിന്നാണ് തീവണ്ടി യാത്രക്ക് സൂപ്പ‍ർതാരം പുറപ്പെട്ടത്. മുംബൈയിൽ ആരാധകരുടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഷാരൂഖ് രാജധാനി എക്സ്പ്രസിൽ ദില്ലിക്ക് തിരിച്ചത്. വഡോദരയിൽ താരത്തെ കാണാനായി ജനങ്ങൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിനിടയാക്കിയത്.

ട്രെയിന്‍ വഡോദരയിലെത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് പ്രാദേശികരാഷ്ട്രീയ പ്രവ‍ർത്തകനായ ഫർഹീദ് ഷാൻ ഷേറാണി മരിച്ചത്. സംഭവം ദൗർഭാഗ്യകരമായെന്ന് ഷാരൂഖ് പിന്നീട് പ്രതികരിച്ചു. രാഹുൽ ധൊലാക്കിയയാണ് ചിത്രത്തിന്‍റെ സംവിധാനം.