എല്ലാ പാക്കിസ്ഥാന്‍കാരെയും പോലെ കാശ്മീരി സ്വാതന്ത്ര്യ സമരത്തിനാണ് താന്‍ പിന്തുണ കൊടുക്കുന്നതെന്നും കാശ്മീര്‍ പാക്കിസ്ഥാന്‍റെയാണെന്നും ട്വീറ്റിലൂടെ അഫ്രീദി പറഞ്ഞു

ലണ്ടന്‍: കാശ്മീര്‍ വിഷയത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി. ഇപ്പോള്‍ കെെവശമുള്ള നാല് പ്രവിശ്യകള്‍ നന്നായി നോക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കാശ്മീര്‍ പാക്കിസ്ഥാന്‍ ആവശ്യമില്ലെന്ന് പറഞ്ഞ് താരം ആ നിലപാട് തിരുത്തി.

എല്ലാ പാക്കിസ്ഥാന്‍കാരെയും പോലെ കാശ്മീരി സ്വാതന്ത്ര്യ സമരത്തിനാണ് താന്‍ പിന്തുണ കൊടുക്കുന്നതെന്നും കാശ്മീര്‍ പാക്കിസ്ഥാന്‍റെയാണെന്നും ട്വീറ്റിലൂടെ അഫ്രീദി പറഞ്ഞു. തന്‍റെ പ്രസംഗം പൂര്‍ണമായി നല്‍കിയില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് ഇപ്പോള്‍ അഫ്രീദി നല്‍കുന്ന വിശദീകരണം.

തന്‍റെ രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. കാശ്മീരില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മനുഷ്യത്വം നടപ്പാക്കപ്പെടണമെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. കാശ്മീരിലേത് അനിശ്ചിതമായി നീളുന്ന തര്‍ക്കമാണെന്നും അവിടെ ഇന്ത്യയുടെ ഹീനമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കാശ്മീരില്‍ ജനങ്ങള്‍ മരിക്കുന്ന കാണുന്നത് സഹിക്കാനാവുന്നില്ല. ഒരു മരണം, അത് ഏത് സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും വേദനിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്നും ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.

കാശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല, അത് പോലെ ഇന്ത്യക്കും നല്‍കരുത്. കശ്മീരിനെ സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും താരം നിലപാട് എടുത്തിരുന്നു. ഈ പ്രതികരണം രാജ്യാന്തര തരത്തില്‍ ചര്‍ച്ചയായതോടെയാണ് ഇപ്പോള്‍ താരം മലക്കം മറിഞ്ഞിരിക്കുന്നത്.