തിരുവനന്തപുരം: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് അനുകൂലമായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന കാംപയിനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ദിലീപിന്റെ ജയില്‍ വാസവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗില്‍ നടക്കുന്ന കാംപയിനും എല്ലാം മുന്നോട്ടു വന്ന സാഹചര്യത്തിലാണ് കൊച്ചിയില്‍ നടന്ന അതിക്രമത്തില്‍ സ്ത്രീക്കും പുരുഷനും ഇരട്ടനീതിയാണെന്ന് ചൂണ്ടിക്കാണിച്ച,് അവനൊപ്പം എന്ന ഹാഷ്ടാഗില്‍ കാംപയിന്‍ ആരംഭിച്ചത്. ഈ വിഷയത്തിലാണ് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കുറിപ്പ്.

ഫെമിനിസ്റ്റാണ് എന്ന ആമുഖവുമായാണ് ശാഹിന നഫീസ എന്ന മാധ്യമ പ്രവര്‍ത്തക കുറിപ്പ് തുടങ്ങുന്നത്. രാമലീല കാണില്ലെന്നും, ടാക്‌സി ഡ്രൈവര്‍ക്ക് പെണ്ണുങ്ങളുടെ കൈയില്‍ നിന്ന് അടി കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണവും എന്നുമാണ് കുറിപ്പില്‍ ശാഹിന പറയുന്നത്. 

കൊച്ചി സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ശാഹിന കുറിച്ച പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. അതേസമയം ഈ വിഷയത്തിലുള്ള നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

കുറിപ്പിന്റെ പൂര്‍ണരൂപം

ഫെമിനിസ്റ്റാണ് .
രാമലീല എന്നല്ല ,ദിലീപിന്റെ ഒരു സിനിമയും ടി വി യില്‍ പോലും കാണില്ല . ബുദ്ധിമുട്ടി ബഹിഷ്‌കരിക്കുന്നതല്ല .ഊളത്തരം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്
എല്ലാ വിഷയത്തിലും പ്രതികരിക്കാന്‍ സൗകര്യപ്പെടില്ല .എന്ത് കൊണ്ടാണെന്നു വിശദീകരിക്കാനും മനസ്സില്ല .
ടാക്‌സി ഡ്രൈവര്‍ക്ക് പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും അടി കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണം കാണും എന്നാണു അഭിപ്രായം . (ലോകത്ത് ആദ്യായിട്ടാണല്ലോ ഡ്രൈവര്‍മാരും യാത്രികരും തമ്മില്‍ തല്ലുണ്ടാവുന്നത് !)

ആര്‍ എസ് എസ്സും പോപ്പുലര്‍ ഫ്രണ്ട് / എസ് ഡി പി ഐ യും ഒരു പോലെ ആണ് എന്ന അഭിപ്രായമില്ല . ആര്‍ എസ് എസ് രാജ്യം ഭരിക്കുന്നവരെ നിയന്ത്രിക്കുന്ന ഭീകര സംഘടനയാണ് . പി എഫ് ഐ യും എസ് ഡി പി ഐയും അത്രക്കായിട്ടില്ല. എങ്കിലും ഇവരും ശക്തമായി എതിര്‍ക്കപ്പെടേണ്ടവര്‍ തന്നെയാണ് .
മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ല .

ഞാന്‍ സെക്യുലറിസ്റ്റാണ്, അതിന്റെ എല്ലാ പരിമിതികളോടെയും . മതേതരത്വം എന്ന സങ്കല്‍പ്പത്തിന് ധാരാളം ആഭ്യന്തര വൈരുധ്യങ്ങള്‍ ഉണ്ട് .പക്ഷേ അത് പരിഹസിക്കപ്പെടേണ്ടതോ പാടെ തള്ളിക്കളയപ്പെടേണ്ടതോ ആണ് എന്നു കരുതുന്നവരുമായി എനിക്ക് സൗഹൃദമില്ല .
ബൈനറികളില്‍ വിശ്വസിക്കുന്നില്ല . ബൈനറികള്‍ക്കിടയില്‍ മാത്രം സഞ്ചരിക്കുന്നവരോട് ചര്‍ച്ചക്ക് താല്പര്യവുമില്ല .
മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ബഹുമാനമില്ല . അറുപതു കടന്ന വൃദ്ധരോടു തോന്നുന്ന പരിഗണനയും അനുകമ്പയും മാത്രമേ ഉള്ളൂ .

എല്ലാവരും എന്നെ കുറിച്ച് നല്ലതു പറയണം എന്ന യാതൊരു നിര്‍ബന്ധബുദ്ധിയുമില്ല . മറ്റുള്ളവര്‍ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല .
മോറലിസ്റ്റ് അല്ല . 'വിവാഹേതര ബന്ധ'ങ്ങള്‍ക്ക് അനുകൂലമാണ്. വിമത ലൈംഗിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു.

പാട്രിയാര്‍ക്കിയുടെ സകല പ്രിവിലേജുകളും കെട്ടിപ്പിടിച്ചു ജീവിക്കുകയും ,പ്രിവിലേജുകളുടെ രാഷ്ട്രീയത്തെപറ്റി കാണ്ഡം കാണ്ഡമായി പോസ്റ്റിടുകയും ചെയ്യുന്ന പുരോഗമനഭാവികളായ പുരുഷന്മാരോട് പുച്ഛം പോലുമില്ല .സഹതാപമാണ് .

പലരും പലയിടത്തും പരോക്ഷമായി എന്നെ സൂചിപ്പിച്ച് ഇടുന്ന പോസ്റ്റുകള്‍ കാണാത്തതു കൊണ്ടല്ല പ്രതികരിക്കാത്തത്, അത് ഗൗനിക്കാത്തതു കൊണ്ടാണ് .
ഫേസ് ബുക്ക് ഞാന്‍ അത്ര സീരിയസ്സായി എടുത്തിട്ടില്ല .എന്റെ പ്രധാന മീഡിയം ഫേസ് ബുക്ക് അല്ല .

വ്യത്യസ്താഭിപ്രായങ്ങള്‍ എന്ന പേരില്‍ മണ്ടത്തരങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഈ പ്രൊഫൈല്‍ maintain ചെയ്യുന്നത് . ഗുണപരമായ സംവാദങ്ങളില്‍ താല്പര്യമുള്ള , ഒരു വിഷയത്തില്‍ ഞാന്‍ ആലോചിക്കാത്ത വീക്ഷണകോണുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി തരാന്‍ കഴിയുന്ന,ബുദ്ധിപരമായി ഉത്തേജിപ്പിക്കാന്‍ കഴിയുന്നവര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടാവണമെന്നാണ് താല്പര്യം .

ഇതൊരു ഫ്രണ്ട് ലിസ്റ്റ് ക്ലിയറന്‍സ് ഡ്രൈവ് ആണ് .എല്ലാവരും സഹകരിക്കണം .