ബാപ്പുവൈദ്യര്‍ ജംഗ്ഷന് സമീപമെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പുവരെ തന്നോടൊപ്പമുണ്ടായിരുന്നവര്‍ ഇനിയില്ലായെന്ന യാഥാര്‍ത്ഥ്യം ഷാഹുല്‍ ഹമീദ് അറിഞ്ഞത്.

ആലപ്പുഴ: ഒപ്പം തൊഴിലെടുക്കുന്ന സുഹൃത്തുക്കുളുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഷാഹുല്‍ ഹമീദിന് ഇനിയും കഴിഞ്ഞിട്ടില്ല. ബേക്കറികളില്‍ ബോര്‍മ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെട്ട അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ നഗരസഭ സീവ്യു വാര്‍ഡ് പുതുവല്‍ വെളി ഷാഹുല്‍ ഹമീദ് (തമ്പി) നിറ കണ്ണുകളോടെയാണ് സുഹൃത്തുക്കളെ കുറിച്ച് പറയുന്നത്. 

ഖലാസി ജോലികള്‍ക്കായി ആലപ്പുഴ സ്വദേശിയുടെ മിനി വാനിലും ഉപകരണം സ്ഥാപിക്കേണ്ട കമ്പനിയുടെ വാഹനത്തിലുമായാണ് സഹോദരങ്ങളായ സജീവ്, ബാബു, ആസാദ്, ബാബുകോയ, ഷാഹുല്‍ ഹമീദ് എന്നിവര്‍ പുറപ്പെട്ടത്. ഓച്ചിറ, മാന്നാര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലെ ബേക്കറികളില്‍ ബോര്‍മ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കിയശേഷം തിരികെ മടങ്ങാനൊരുങ്ങവേയാണ് അപകടനുണ്ടായത്. 

ബോര്‍മയ്ക്ക് വേണ്ട സാധനങ്ങളുമായി ഉത്തരേന്ത്യയില്‍ നിന്ന് വന്ന വാഹന ഡ്രൈവര്‍ക്ക് ചേര്‍ത്തലയിലേക്ക് പോകുന്നതിനുള്ള വഴി അറിയാത്തതിനാല്‍ ഷാഹുല്‍ ഹമീദിനെ ബാബുവും സജിവുമൊക്കെ നിര്‍ബന്ധിച്ച് അന്യസംസ്ഥാന ലോറിയില്‍ കയറ്റിവിടുകയായിരുന്നു. നെടുമുടിയിലെത്തിയപ്പോള്‍ ആസാദിനെ ഷാഹുല്‍ ഹമീദ് മൊബൈലില്‍ ബന്ധപ്പെട്ടിരുന്നു. സ്ഥലം വ്യക്തമായി മനസിലാകുന്നില്ലായെന്നും ആലപ്പുഴയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മറുപടി. 

ഏകദേശം പത്തുമിനിട്ട് പിന്നിട്ടപ്പോള്‍ പരിചയമില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നു. ആസാദിനെയും ബാബുവിനെയും പരിചയമുണ്ടോയെന്നായിരുന്നു വിളിച്ചയാള്‍ ചോദിച്ചത്. ആരാണെന്ന് തിരക്കിയപ്പോള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്നും വാഹനാപകടത്തില്‍പ്പെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്. വിവരം വീടിന് സമീപത്തെ സുഹൃത്തിനെ വിളിച്ച് ഷാഹുല്‍ ഹമീദ് അറിയിച്ചു. തിരികെ പോകാനുള്ള തയാറായെങ്കിലും ലോറിയിലുള്ള പണി സാധനങ്ങള്‍ ഇറക്കിയശേഷം തിരികെ പോയാല്‍ മതിയെന്ന സുഹൃത്തുക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബാപ്പുവൈദ്യര്‍ ജംഗ്ഷന് സമീപമെത്തി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പുവരെ തന്നോടൊപ്പമുണ്ടായിരുന്നവര്‍ ഇനിയില്ലായെന്ന യാഥാര്‍ത്ഥ്യം ഷാഹുല്‍ ഹമീദ് അറിഞ്ഞത്.