ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ അടിയന്തിര യോഗം ചേരാന്‍ കേന്ദ്രസർക്കാരിനും ദില്ലി സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ അടിയന്തിര യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്ര വനം, പരിസ്ഥി മന്ത്രാലയത്തിനും ദില്ലി സര്‍ക്കാരിനുമാണ് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. മലിനീകരണം തടയാനെന്ന പേരിൽ പാര്‍ക്കിംഗ് ഫീസ് കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും കോടതി ചോദ്യം ചെയ്തു.

അതേസമയം, പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരും, യു.പി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ദില്ലിയോട് സഹകരിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്ലിയില്‍ ലോധി റോ‍ഡ്, ഷാദിപ്പൂര്‍, ആനന്ദ് വിഹാര്‍, പഞ്ചാബി ബാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് ഇന്നും അപകടകരമായ നിലയില്‍ തുടരുകയാണ്. പുകമഞ്ഞ് കാരണം ദില്ലിയിലേക്കുള്ള 41 ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. ഒമ്പത് എണ്ണത്തിന്റെ സമയം മാറ്റി. പത്തെണ്ണം റദ്ദാക്കി.

അതിനിടെ, പ്രശ്നത്തിലിടപെട്ട ദേശീയ ഹരിത ട്രൈബൂണല്‍ കേന്ദ്രത്തെയും സംസ്ഥാനസർക്കാരുകളെയും വിമർശിച്ചു. പൊതു സ്ഥലങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും ട്രൈബ്യൂണൽ കുറ്റപ്പെടുത്തി.പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ദില്ലിയില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ തടയണമെന്നും ട്രൈബൂണല്‍ നിർദ്ദേശിച്ചു. മലിനീകരണം നിയന്ത്രിക്കാൻ നടപടി വേണമെന്ന് സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് ട്രൈബൂണല്‍ നിര്‍ദ്ദേശം നല്‍കി.