പാട്‌ന: ബീഹാറില്‍ ജെഡിയുവിലെ ഭിന്നത പരസ്യമാക്കി ശരദ് യാദവ്. ബിജെപിയുമായി സര്‍ക്കാരുണ്ടാക്കിയ നിതീഷ് കുമാറിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ശരദ്‌യാദവ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ശരദ്‌ യാദവിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജെഡിയു അറിയിച്ചു.

ബിഹാറില്‍ ബി ജെ പി-ജെ ഡി യു സര്‍ക്കാരുണ്ടാക്കിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ജെഡിയു എംപി ശരദ്‌ യാദവ് പരസ്യമായി പ്രതികരിക്കുന്നത്. ബിജെപിയുമായുള്ള സഹകരണം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ ശരദ് യാദവ്, ഇതിനു വേണ്ടിയല്ല ജനങ്ങള്‍ ജെഡിയുവിന് വോട്ട് ചെയ്തതെന്നും വിമര്‍ശിച്ചു.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ശരദ് യാദവിനെ ക്ഷണിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നിലപാട് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. വര്‍ഗീയ ശക്തികള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിന്റെ പ്രതികരണം. അടുത്തമാസം അഞ്ചിലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയ്ക്ക് പിന്തുണ നല്‍കാനുള്ള മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബിജെപിയെ അറിയച്ചതായി ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. ബിഹാറില്‍ ഒരു പാര്‍ട്ടിയേയും ബിജെപി പിളര്‍ത്തിയിട്ടില്ലെന്നും രാജിവയ്ക്കാനുള്ള തീരുമാനം നീതീഷ് കുമാറിന്റേത് മാത്രമാണെന്നുമായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. അതിനിടെ ജെഡിയു-ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ആര്‍ജെഡി എംഎല്‍എ നല്‍കിയ ഹര്‍ജി പറ്റ്‌ന ഹൈക്കോടതി തള്ളി.