ഷാര്‍ജ: മുപ്പത്തിയാറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പൗഢഗംഭീരതുടക്കം. പത്തുദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രസാധകരാണ് പങ്കെടുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോസവം യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 75 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രസാധകരാണ് 10 ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നത്.. 15ലക്ഷത്തിലേറെ പുസ്തകങ്ങളാണ് വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പ്രസാധകര്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. 116 പ്രസാധകര്‍ കേരളത്തില്‍ നിന്നും എത്തിയിട്ടുണ്ട്.

കുട്ടികളടക്കമുള്ള അക്ഷരപ്രേമികളുടെ സാന്നിധ്യത്താല്‍ ആദ്യദിനം തന്നെ ഷാര്‍ജ എക്‌സ്‌പോസെന്ററിലെ പുസ്തകോത്സവ നഗരി വീര്‍പ്പുമുട്ടി. മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍, ചലച്ചിത്ര സംവിധായകരായ കമല്‍, ആഷിഖ് അബു, നടി റിമാ കല്ലിങ്കല്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരുന്ന പത്തു ദിവസം മേളയുടെ ഭാഗമാകും. മേളയുടെ ഭാഗമായി പ്രഭാഷണങ്ങളും. ചര്‍ച്ചകളും ശില്‍പശാലകളും ഉണ്ടാകും. പതിനഞ്ചു ലക്ഷത്തിലേറെ പേര്‍ മുപ്പത്തിയാറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.