കോണ്‍ഗ്രസ് അനുഭാവികളില്‍ ഒരുകൂട്ടര്‍ സിപിഎമ്മിനൊപ്പം മത്സരിക്കുമ്പോള്‍ മറുവിഭാഗം ലീഗുമായാണ് ധാരണ. ബിജെപിയും എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ചുവടുമാറ്റങ്ങള്‍ കൊണ്ട് ഇത്തവണയും ശ്രദ്ധേയമാവുകയാണ്. മറ്റന്നാളാണ് തിര‍ഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അനുഭാവികളില്‍ ഒരുകൂട്ടര്‍ സിപിഎമ്മിനൊപ്പം മത്സരിക്കുമ്പോള്‍ മറുവിഭാഗം ലീഗുമായാണ് ധാരണ. ബിജെപിയും എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

നിലവിലുള്ള ഭരണസമിതിയിലെ മുഖ്യ ഭാരവാഹികള്‍ സ്ഥാനം മാറി മത്സരിക്കുമ്പോള്‍ ചിലര്‍ ചേരിതിരിഞ്ഞ് എതിര്‍ പാനലില്‍ എത്തി. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എം. അനുഭാവികളും യുപിഎ മുന്നണിയില്‍ ഒരു പാനലിലാണ് മത്സരിക്കുന്നത്.അതേസമയം കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗവും മുസ്ലിം ലീഗിന്റെ കെ.എം.സി.സി.യും വിശാല ജനകീയ മുന്നണിയെന്ന പേരില്‍ മത്സര രംഗത്തുണ്ട്. സി.പി.ഐ.യുടെ യുവകലാസാഹിതിയും ഇവര്‍ക്കൊപ്പമാണ്.

ബി.ജെ.പി.യുടെ പാനലും ഇക്കുറി എല്ലാ സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. രണ്ടായിരത്തിഅഞ്ഞൂറോളം പേരാണ് ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍. ഇതില്‍ 1400 മുതല്‍ 1600 പേര്‍ വരെ എല്ലാ വര്‍ഷവും വോട്ട് രേഖപ്പെടുത്താറുണ്ട്. വെള്ളിയാഴ്ച വോട്ട് ചെയ്യാനെത്തുന്നവര്‍ക്കായി ദുബായ്, അജ്മാന്‍, ഉമല്‍ഖുവൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് യാത്രാസൗകര്യം ഒരുക്കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.