ജൂലൈ ഏഴിന് ഹാജരാകാന്‍ തരൂരിന് നോട്ടീസ്

ദില്ലി:ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീ.ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജൂലൈ ഏഴിന് ഹാജരാകാന്‍ തരൂരിന് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം ശശി തരൂര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശശി തരൂര്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 വിചാരണ കോടതി നടപടിക്കെതിരെ ശശി തരൂർ ദില്ലി ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും മൂവായിരം പേജുള്ള കുറ്റപത്രം കിട്ടിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.

സുനന്ദ പുഷ്ക്കറിന്‍റെ മരണത്തില്‍ ശശി തരൂരിനെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.