Asianet News MalayalamAsianet News Malayalam

അനില്‍ ആന്‍റണിയുടേത് രാഷ്ട്രീയ നിയമനമല്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കും; തരൂര്‍

നേരത്തെ അനിൽ ആൻറണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമർശനം

shashi tharoor on anil antonys appointment
Author
Calicut, First Published Jan 11, 2019, 4:43 PM IST

കോഴിക്കോട്: എഐസിസി പ്രവർത്തകസമിതി എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശിതരൂര്‍ രംഗത്ത്. അനിൽ ആൻറണി ഡിജിറ്റൽ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണെന്നും അനിലിറേത് രാഷ്ട്രീയ നിയമനമല്ലെന്നും തരൂര്‍ വ്യക്തമാക്കി. നിലിന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. തിരുവനന്തപുരത്ത് ചെയ്യാൻ ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും വിശദീകരിച്ചു.

നേരത്തെ അനിൽ ആൻറണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമർശനം. കെപിസിസി നിർവ്വാഹകസമിതി അംഗം കൂടിയായ ആർഎസ് അരുൺരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനിൽ ആൻറണിയുടെ നിയമനത്തെ വിമർശിച്ച് രംഗത്ത് വന്നു.

അനിൽ ആൻറണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷൻ ദില്ലിയിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അനിലിനറെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പാണ് പുതിയ പദവിയെന്ന് വിലയിരുത്തലുകള്‍ ഉണ്ട്.

ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനിൽ ആൻറണിയും അഹമ്മദ് പട്ടേലിനറെ മകൻ ഫൈസൽ പട്ടേലും ചേർന്ന് തയ്യാറാക്കിയ കണക്കുകൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ. കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios