ദില്ലി: ബിജെപി വണ്‍മാന്‍ ഷോ ആയി മാറുന്നത് വേദനിപ്പിക്കുന്നു എന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ച രീതി അപലപനീയമെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

പാര്‍ട്ടി വണ്‍മാന്‍ ഷോ ആണെന്നും രണ്ട് പേരുടെ സൈന്യമാണെന്നും വിലയിരുത്തല്‍ വരുന്നത് വേദനിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യം വേണം.
എല്ലാവരുടെയും അഭിപ്രായം മാനിക്കണം. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണം.

അരുണ്‍ ജയ്റ്റ്‌ലി യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ചത് വളരെ മോശം രീതയിലാണ്. ഇതിനെ പൊതുവായി എല്ലാവരും അപലപിക്കുകയും ചെയ്തു. അരുണ്‍ ജയ്റ്റ്‌ലിയെ ധനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു

വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധിക്കണം. ഗുജറാത്ത് ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ആശങ്കയുണ്ടെന്നും തന്റെയും യശ്വന്ത് സിന്‍ഹയുടെയും നീക്കം പാര്‍ട്ടിയെ സഹായിക്കാനാണെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി.