കൊൽക്കത്ത: ബിജെപിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന് പാർലമെന്റ് അംഗവും മുതിർന്ന ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി വിമതനായ യശ്വന്ത് സിന്‍ഹ ആരംഭിച്ച പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്ന് സിന്‍ഹ വ്യക്തമാക്കി. മമതയെ ദേശീയനേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.‘ മമത വെറും പ്രാദേശിക നേതാവല്ല, പ്രമുഖ ദേശീയ നേതാവാണ്’ സിന്‍ഹ പറഞ്ഞു. വാർത്താ ഏജൻസിയായ പിറ്റിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമതാ ബാനർജി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പിന് ശേഷം ജനവിധിയുടെ അടിസ്ഥാനത്തിൽ നേതാക്കളും ജനങ്ങളുമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് മമതാ ബാനർജി എന്നാണ് സിന്‍ഹ പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകന്‍ കൂടിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. 

ബിജെപി നേതാക്കൾക്ക് ആർ എസ് എസിന്റെ പരിപാടിയിൽ പങ്കെടുക്കാമെങ്കിൽ എന്തുകൊണ്ട് തനിക്ക് പ്രതിപക്ഷ റാലിയില്‍ പങ്കെടുത്താലെന്നും അദ്ദേഹം ചോദിച്ചു. പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ ശത്രുഘ്‌നന്‍ സിന്‍ഹ റാലിയിലെ മുഖ്യ പ്രാസംഗികരിലൊരാളാണ്. സിന്‍ഹയ്ക്കു പുറമേ എച്ച്ഡി ദേവഗൗഡ, അദ്ദേഹത്തിന്റെ മകന്‍ എച്ച് ഡി കുമാരസ്വാമി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരത് പവാര്‍, ആര്‍ ജെ ഡി നേതാവ് ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും