ഹനാന്റെ ഉമ്മ സുഹറാ ബീവിയുമായി അഭിമുഖം. വത്സന്‍ രാമംകുളത്തിന്റെ റിപ്പോര്‍ട്ട്.

തൃശൂര്‍: 'എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള്‍ കള്ളിയല്ല. കൊച്ചുന്നാള്‍ മുതല്‍ അവള്‍ കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്'-പറയുന്നത് സുഹറ ബീവി. മൂന്ന് ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്ന ഹനാന്റെ ഉമ്മ. ഉമ്മയ്ക്ക് അവളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. എല്ലാം നല്ല കഥകള്‍. നല്ല അനുഭവങ്ങള്‍. മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മാനസികാരോഗ്യം നഷ്ടപ്പെട്ട ഉമ്മയെ ഹനാനാണ് കഷ്ടപ്പെട്ട് നോക്കുന്നത്. 

'ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കാന്‍ നോക്കുകയാണ്, അവളാണെനിക്കെല്ലാം. എന്നെ നോക്കുന്നതും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുന്നതെല്ലാം അവള്‍ കഷ്ടപ്പെട്ടാണ്. കുഞ്ഞിലേ തുടങ്ങിയതാണ് അവളുടെ ദുരിതം. എല്ലാരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. ശരിക്കും എനിക്ക് ഭ്രാന്താണോ?'- ഹനാന്റെ ഉമ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തൃശൂരിലെ കേരള സാഹിത്യ അക്കാദമി മുറ്റത്താണ് രണ്ട് ദിവസമായി ഹന്നയുടെ ഉമ്മ. പരിചയക്കാര്‍ ഉണ്ട്. അവര്‍ വഴിയാണ് അവിടെ എത്തിയത്. . അരികിലേക്കെത്തുന്നവരെ ആദ്യമാദ്യം ആട്ടിയകറ്റും. പിന്നെ പിന്നെ അടുപ്പത്തോടെ വര്‍ത്തമാനങ്ങള്‍ പറയും; മൊഞ്ചുള്ള മൈലാഞ്ചി പാട്ടുകള്‍ പാടും. ഇടയ്ക്ക് സങ്കടത്തോടെ മൗനമാവും. മകളെ കുറിച്ച് പിന്നെയും പറയാന്‍ തുടങ്ങും.

ആ ഉമ്മയെ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടങ്ങള്‍ പെരുകും. ഹനാന്‍ അവള്‍ എത്ര കഷ്ടപ്പെടുന്നുവെന്ന് മനസ്സിലാവും. അവള്‍ ആ ഉമ്മയെ എങ്ങനെ നോക്കുന്നു എന്ന് മനസ്സിലാവും. 

ഹനാന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഉമ്മയ്ക്ക് മനസ്സിന് സുഖമില്ലാതായ കഥ പറഞ്ഞത്. ഏഴാം വയസിലെ ആ ദുരന്തകഥ. ബിസിനസിലെ നഷ്ടങ്ങള്‍ക്ക് കാരണമായ മദ്യം പിതാവിനെ കാട്ടാളനാക്കി; ഒരു സന്ധ്യയില്‍ മുറിക്കകത്തിരുന്ന ഫാനിന്റെ ഹാന്‍ഡില്‍ കൊണ്ട് ഉമ്മയുടെ തലയ്ക്കടിച്ചു. ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ ഉമ്മയുടെ മാനസികാവസ്ഥ മാറി. ശരിയാണ്; ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ ചിരിയും സങ്കടവുമായി ആ ഉമ്മയുടെ മുഖത്ത് നിമിഷങ്ങള്‍ വ്യത്യാസമില്ലാതെ കാണാം.

ഉമ്മയെ ഒപ്പം നിര്‍ത്താനാണ് ഹനാന്‍ എന്നും ആഗ്രഹിച്ചത്. ഉമ്മയെ സഹോദരന്‍കൂടെ കൂട്ടിയതോടെ ഹനാന് പഠനത്തിലേക്കും ജോലിയിലേക്കും തിരിയാനായി. എങ്കിലും ഉമ്മയുടെ കാര്യങ്ങളോര്‍ത്ത് തനിച്ചൊരു വീടെടുത്ത് താമസിക്കാന്‍ അവള്‍ തീരുമാനിച്ചു. വൈറ്റിലയിലെ കുട്ടുകാരിയുടെ അയല്‍ക്കാരന്‍ വഴിയാണ് തൃശൂരിലെ മാടവനയില്‍ വാടക വീടൊപ്പിച്ചത്. പിന്നീട് ഉമ്മയെ തൃശൂരിലെ കൂര്‍ക്കഞ്ചേരിയലെത്തിച്ചു.

'വീട്ടില്‍ നിന്ന് ഒരിടത്തും പോകരുതെന്ന് പറഞ്ഞാണ് അവള്‍ എന്നെ ഇവിടെ ആക്കിയിട്ടുള്ളത്. തനിച്ചെന്തോരം ഒരാള്‍ക്കിരിക്കാന്‍ പറ്റും?. ഇവിടെയൊക്കെ വന്നാല്‍ നിങ്ങളെയെല്ലാം കാണാല്ലോ. സുഹറ ബീവി ആര്‍ക്കും ദ്രോഹമാകില്ല'- സ്വയം പരിചയപ്പെടുത്തും വിധം അവര്‍ പറഞ്ഞു.

സ്വന്തമായി വീടൊന്നുമില്ല, ഇപ്പോ കൂര്‍ക്കഞ്ചേരിയിലാണ് ഹനാന്റെ അമ്മ താമസം. വീടൊക്കെ വീതം വച്ചപ്പോള്‍ തന്നെ ഇല്ലാതായി. എനിക്കും മോള്‍ക്കും ഒന്നും തന്നില്ല. അവള്‍ ചെയ്യാത്ത പണികളൊന്നുമില്ല. മീന്‍ വിറ്റത് ആണോ ഇപ്പോ പ്രശ്‌നം. പിന്നെ അവളെന്ത് ചെയ്യണം? എന്നിട്ടും എന്റെ മോളെ വെറുതെ വിടുന്നില്ല'-ആടിയുലയുന്ന മനസ്സോടെ ഉമ്മ പറയുന്നു. 

'അവള്‍ക്ക് പാട്ടും ഡാന്‍സും ഒക്കെ ഇഷ്ടമാണ്. സ്‌കൂളീന്നൊക്കെ സമ്മാനം കിട്ടാറുണ്ട്. കേച്ചേരിയില്‍ ആയിരുന്നു അവള്‍. അവിടെ നിന്നാണ് പഠിച്ചത്. പള്ളിക്കാരാണ് പഠിപ്പിച്ചത്. പഠിക്കാന്‍ പോകുന്നതിനിടയിലും അവള്‍ വേറെ കുട്ടികളെ പഠിപ്പിച്ചു'-ഉമ്മ പറയുന്നു. 

സാഹിത്യ അക്കാദമി പരിസരം ഹനാന്റെ ഒഴിവുകാല കേന്ദ്രങ്ങളിലൊന്നാണ്. ഹനാന്‍ ഒരുപാട് കഷ്ടപ്പെടുന്ന കുട്ടിയാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ സാക്ഷ്യപ്പെടുത്തുന്നു. അവളെ അറിയുന്നവരെല്ലാം ഇതാവര്‍ത്തിക്കുന്നു. കേച്ചേരിക്കടുത്ത് മുണ്ടൂരിലെ തന്റെ വീട്ടില്‍ അഞ്ച് വര്‍ഷം മുമ്പ് ഹനാന്‍ വന്നതായിനടന്‍ ഷൈന്‍ ടോം ചാക്കോ ഫേസ് ബുക്കില്‍ വിവരിച്ചിരുന്നു. താന്‍ തുടങ്ങാന്‍ പോകുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് സെന്ററിന്റെ നോട്ടീസുമായാണത്രെ ഹനാന്‍ കേച്ചേരിയിലെ വീടുകള്‍ കയറിയിറങ്ങിയത്.

ഒരു പെണ്‍കുട്ടി സ്വപ്നം കാണാന്‍ പഠിക്കും മുമ്പേ, ജീവിതം കരുപ്പിടിപ്പിക്കാന്‍ അധ്വാനിക്കുന്നത് ഇതാദ്യമല്ല. ആ ചരിത്രങ്ങള്‍ ഹനാനിലൂടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വന്തമായി വീടില്ല, ആശ്രയത്തിനാളില്ല, താങ്ങായുള്ള അമ്മയെ സംരക്ഷിക്കേണ്ട ചുമതല പറക്കുമുറ്റുംമുമ്പേ തോളിലേറ്റിയവളാണ് ഹനാന്‍-തൃശൂരില്‍ അവരെ അറിയുന്നവരെല്ലാം പറയുന്നു. 

ലോകം പെരുന്നാളാഘോഷിക്കുന്ന നേരത്ത് ഹനാന്‍ ഉണ്ണാനൊന്നുമില്ലാതെ ക്ഷീണിതയായി തളര്‍ന്നുറങ്ങുകയായിരുന്നുവെന്ന് ഹനാന്‍ താമസിക്കുന്ന വീടിന്റെ ഒരുഭാഗത്ത് തയ്യല്‍ കട നടത്തുന്ന മണിയും മകള്‍ അശ്വതിയും പറയുന്നു. ഉമ്മയുടെ അവസ്ഥയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് അവളെ അലട്ടിയിരുന്നത്.

ആലുവ ശിവരാത്രി നാളില്‍ മണപ്പുറത്ത് കപ്പ പുഴുങ്ങിയത് വില്‍പ്പന നടത്താന്‍ പോയപ്പോഴാണ് കുല്‍ക്കി സര്‍ബത്ത് വില്‍പ്പനയ്‌ക്കെത്തിയ ബാബുവെന്ന ആളെ പരിചയപ്പെടുന്നത്. ഇയാള്‍ക്കൊപ്പം ബജി കച്ചവടം ചെയ്തു. പിന്നീടാണ് ബാബുവുമായി കളമശേരിയില്‍ മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞത്. ആലുവയില്‍ വാടക വീടെടുത്ത് ഉമ്മയുമായിട്ടായിരുന്നു ഈ സമയം ഹനാന്റെ താമസം. കളമശ്‌ശേരിയിലെ മീന്‍ കച്ചവടത്തിന് ബാബുവിന്റെ സഹായിയായി ഒരാളുകൂടി ഉണ്ടായിരുന്നു. പെരുമാറ്റം മോശമായതോടെ കച്ചവടം നിര്‍ത്തി. ഇനി മീന്‍ കച്ചവടം ഒറ്റയ്ക്ക് മതിയെന്ന് ഹനാന്‍ തീരുമോനിച്ചു. അങ്ങനെയാണ് തമ്മനത്തേക്ക് മാറിയത്. പിന്നെ ആലുവയില്‍. അവിടെ വീടൊഴിഞ്ഞ് കുസാറ്റിനടുത്ത് മറ്റൊരു വീടെടുത്തു. അവിടെ വാടക കൂടുതലായതിനാല്‍ തുടരാനായില്ല. ഉമ്മയുമായി അങ്ങിനെയാണ് മാടവനയില്‍ വീടെടുക്കുന്നത്.

കലാഭവന്‍ മണിയുമായി നല്ല ബന്ധമായിരുന്നു ഹനാനെന്ന് പരിചയക്കാര്‍ പറയുന്നു. ഏഴെട്ടുവര്‍ഷം സംഗീതം പഠിച്ച ഹനാന്‍ നിമിഷങ്ങള്‍ക്കൊണ്ട് ചെറുകവികകളും സ്വയം സൃഷ്ടിച്ചു ചൊല്ലും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആന്റോയാണ് ഹനാനെ കലാഭവന്‍ മണിക്ക് പരിചയപ്പെടുത്തിയത്. മണിയുടെ സ്‌റ്റേജ് ഷോകളില്‍ ഹനാന്‍ പിന്നെ അംഗമായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. ഡബ്ബിങ് ആര്‍ട്ടിസ്റ്റായി. കൊച്ചിയിലെ കോള്‍ സെന്ററിലെ ജോലിക്കിടെ നിരന്തരമായ ഇയര്‍ ഫോണ്‍ ഉപയോഗം ഉണ്ടാക്കിയ ചെവി വേദന വിട്ടുമാറാതായി. കലാഭവന്‍ മണിയാണ് അവളെ കോതമംഗലത്തെ ഡോക്ടര്‍ക്കരികിലെത്തിച്ച് ചികിത്സ നടത്തിച്ചത്. ഡോക്ടറാകണമെന്ന മോഹം സാക്ഷാത്കരിക്കാനുള്ള പരിശ്രമമെല്ലാം പ്ലസ് ടു കഴിഞ്ഞതോടെ ഉപേക്ഷിച്ചതാണ്. പക്ഷെ, പഠനം തുടരണമെന്നവള്‍ ആഗ്രഹിച്ചു. പഠനത്തിന് വേണ്ടിയാണ് കോള്‍ സെന്ററില്‍ ജോലി നോക്കിയത്. കലാഭവന്‍ മണിയാണ് അവളെ അവിടെ എത്തിച്ചത്- പരിചയക്കാര്‍ പറയുന്നത് ഇങ്ങനെ.