കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ നാഗ്പൂർ പൊലീസ് കമ്മീഷണർ ഭൂഷണ്‍ കുമാര്‍ ഉപാധ്യായയാണ് സ്റ്റേഷനിൽ നടന്ന ഈ സംഭവം വെളിപ്പെടുത്തിയത്.

മുംബൈ: യുവാവിന്റെ പരാതി കേട്ട് ഞെട്ടിയിരിക്കുകയാണ് നാഗ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. അവളെന്റെ ഹൃദയം മോഷ്ടിച്ചു സാർ ,എങ്ങനെയെങ്കിലും കണ്ടെത്തി തരണം... ഇതായിരുന്നു യുവാവിന്റെ പരാതി. വിചിത്രമായ പരാതിയുമായി എത്തിയ യുവാവിന് എന്ത് മറുപടി നൽകണം എന്നറിയാതെ പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങി ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് പൊലീസ് യുവാവിനെ മടക്കി വിട്ടത്. 

കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ നാഗ്പൂർ പൊലീസ് കമ്മീഷണർ ഭൂഷണ്‍ കുമാര്‍ ഉപാധ്യായയാണ് സ്റ്റേഷനിൽ നടന്ന ഈ സംഭവം വെളിപ്പെടുത്തിയത്. താൻ അപ്രതീക്ഷിതമായി കണ്ട പെൺകുട്ടി തന്റെ ഹൃദയം മോഷ്ടിച്ചെന്നും അത് തിരിച്ചുനൽകണമെന്നുമായിരുന്നു സ്റ്റേഷനിലെത്തിയ യുവാവിന്റെ ആവശ്യം. പരാതി അവഗണിച്ച സ്റ്റേഷനിലെ ഉദ്യോഗസ്ഥർ യുവാവിനെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും പരാതി പിൻവലിക്കാൻ യുവാവ് തയ്യാറായില്ല. സംഭവം പൊല്ലാപ്പായെന്ന് കണ്ടതോടെ ഉന്നതഉദ്യോഗസ്ഥരുടെ മുന്നിലേക്ക് പരാതിയെത്തി. 

ഒടുവിൽ ഇന്ത്യൻ ഭരണഘടനയിൽ 'മോഷ്ടിക്കപ്പെട്ട ഹൃദയവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വകുപ്പില്ലെന്ന് പറഞ്ഞു മനസ്സിലാക്കി പരാതിക്കാരനെ പെലീസ് തിരിച്ചയക്കുകയായിരുന്നു. മോഷണം പോയ വസ്തുക്കൾ കണ്ടെത്തുകയെന്നതും പൊലീസിന്റെ ചുമതലയാണ്. പക്ഷേ പരിഹരിക്കാൻ സാധിക്കാത്ത ഇത്തരം ചില പരാതികളും ഉണ്ടാകാം-കമ്മീഷണര്‍ ചടങ്ങിൽ പറഞ്ഞു.