അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ തന്നെ ബാബരി മസ്ജിദ് നിര്‍മ്മിക്കണമെന്നില്ലെന്ന് ഉത്തര്‍പ്രദേശ് ശിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് നിലപാട് അറിയിച്ചു. രാമ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്‍ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചാല്‍ മതിയെന്നും സുപ്രീം കോടതിയില്‍ ശിയാ വഖഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി.

ബാബരി മസ്ജിദ് വിഷയത്തില്‍ സുന്നി-ശിഷാ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ ഭിന്നത എടുത്തുകാണിക്കുന്നതായിരുന്നു സുപ്രീം കോടതിയില്‍ ശിയാ വഖഫ് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം. കേസില്‍ കക്ഷി ചേര്‍ന്ന ശേഷമായിരുന്നു കോടതിയില്‍ അഭിപ്രായം അറിയിച്ചത്. ബാബറിന്റെ കാലത്ത് ശിയാ വിഭാഗമായിരുന്നു പള്ളി നിര്‍മ്മിച്ചതെന്നും അതുകൊണ്ടുതന്നെ പള്ളിയുടെ അവകാശം ശിയാ വിഭാഗത്തിനാണെന്നാണ് സത്യവാങ്മൂലത്തിലെ വാദം. പ്രാര്‍ത്ഥന നടത്താനാണ് സുന്നി വിഭാഗത്തിലെ ഇമാമിനെയും ജീവനക്കാരനെയും നിയമിച്ചത്. ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത് ശിയാ വിഭാഗമാണെന്നും അവകാശപ്പെടുന്നു.

ഇപ്പോഴത്തെ തര്‍ക്കം പരിഹരിക്കാന്‍ ശിയാ വിഭാഗം സന്നദ്ധമാണ്. നിലവില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പള്ളി നിര്‍മ്മിക്കണമെന്നില്ല. പകരം തര്‍ക്ക സ്ഥലത്ത് നിന്ന് കുറച്ച് മാറി മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നാണ് ശിയാ വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.