കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

കോഴിക്കോട്: കേരളത്തിന്‍റെ പുറങ്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ വാൻഹായ് 503 നെ നിയന്ത്രണത്തിൽ കൊണ്ട് വന്നതായി കോസ്റ്റ് ഗാർഡ്. കപ്പലിനെ വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ഇതോടെ വടം കെട്ടി ഉൾക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ തുടങ്ങി. തീ പിടിച്ച കപ്പലിൽ സാൽവേജ് സംഘം ഹെലികോപ്റ്ററിൽ ഇറങ്ങിയാണ് കപ്പൽ നിയന്ത്രണത്തിൽ ആക്കിയത്. 

ടഗ് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് വലിച്ച് മാറ്റും. ഇത് വരെ കപ്പലിലെ മുൻഭാഗത്തെ തീ അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. അപകടസ്ഥലത്ത് കനത്ത മഴ തുടർന്നതും ഇന്ന് പകൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. നാളെ വൈകിട്ടോടെ തീ പൂർണ്ണമായും അണയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റ് ഗാർഡ്.

സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരി​ഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്