പായ്ക്കപ്പലിലെ ലോക പര്യടനത്തിനിടെ പരിക്കേറ്റ നാവികൻ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. ഇന്ത്യൻ നാവികക്കപ്പലായ സത്പുര നാളെ വൈകിട്ടോടെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചേരും. പ്രധാനമന്ത്രി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥനയുണ്ടാകുമെന്ന് മോദി പറഞ്ഞു.
ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സത്പുര നാളെ വൈകിട്ടോടെ ആംസ്റ്റർഡാം ദ്വീപിലെത്തും. അഭിലാഷ് ടോമിയെ ഒക്ടോബർ ആദ്യവാരം ഇന്ത്യയിലെത്തിക്കും. പ്രധാനമന്ത്രി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥനയുണ്ടാകുമെന്ന് മോദി പറഞ്ഞു.
അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നാവികസേനാവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആംസ്റ്റർഡാം ദ്വീപിലൂടെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ദ്വീപിലെത്തിച്ച നാവികനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് തുടർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചത്. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. നാളെ വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎൻഎസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല. മുംബൈ ആസ്ഥാനമായ നാവിക കമാൻഡിൽ കമാൻഡറാണ് അഭിലാഷ് ടോമി.
