മുംബൈ: കൊച്ചിയില്‍ സദാചാര ഗുണ്ടായിസം കാണിച്ച പ്രവര്‍ത്തകരെ ശിവസേന പുറത്താക്കി. കൊച്ചി സംഭവം നാണക്കേടും അനാവശ്യവുമാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവസേന തലവനുമായ ആദിത്യ താക്കറെ പ്രതികരിച്ചു. പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശിവസേന ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയോ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും ആദിത്യ വ്യക്തമാക്കി. 

ദേശീയ വനിതാ ദിനമായ ഇന്നലെയാണ് ശിവസേന പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അഴിഞ്ഞാടിയത്. മറൈന്‍ ഡ്രൈവിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ചുരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞും യുവതീ-യുവാക്കളെ വിരട്ടി ഓടിക്കുകയായിരുന്നു. 

എസ്.ഐ ഉള്‍പ്പെടെ പോലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടായിസം. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് ശിവസേന പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. 

മാധ്യമങ്ങളെ ഉള്‍പ്പെടെ മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു അതിക്രമം. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുക, മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് ശിവസേന പ്രവര്‍ത്തകര്‍ എത്തിയത്.