ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈ കമീഷന്റെ 27ാം പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച അറ്റോര്‍ണി ജനറല്‍ മുകുള്‍ റോതഗി ദേശീയ മതം ഇല്ലാത്ത മതേതര രാജ്യമാണ് ഇന്ത്യയെന്നും ന്യൂനപക്ഷ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിബദ്ധമാണെന്നും വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ശിവസേന രംഗത്തുവന്നത്. യുഎന്നിലെ പ്രസംഗം ഞെട്ടിക്കുന്നതാണെന്ന് സാംന മുഖപ്രസംഗം പറയുന്നു. ഹിന്ദുരാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ആയിരക്കണക്കിന് ഹിന്ദുക്കളുടെ ജീവബലിയാണ് മോദി സര്‍ക്കാറിന്റെ മതേതര നയം മൂലം പാഴായതെന്നും സാംന പറയുന്നു.
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവേണ്ടതായിരുന്നു. എന്നാല്‍, വിഭജനശേഷം രണ്ടു കോടി മുസ്‌ലിംകള്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചതിനാല്‍ അതു സംഭവിച്ചില്ല. ഇങ്ങനെയായാല്‍ ഒരിക്കലും ഇന്ത്യ രാമന്റെ രാജ്യമായി അംഗീകരിക്കപ്പെടില്ല. ഹിന്ദു രാഷ്ട്രം എന്നത് ഇറാനിലെ ഇസ്‌ലാമിക രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമാണ്. എല്ലാ ജനങ്ങളും സ്വന്തം വിശ്വാസങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടുതന്നെ ഹിന്ദു പാരമ്പര്യം അംഗീകരിക്കുക എന്നതാണ് ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള സമയം വന്നെന്ന് സാംന പറയുന്നു. ബി.ജെ.പിയുടെ വരവോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന ഹിന്ദുക്കളുടെ പ്രതീക്ഷയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
