ഉത്തർപ്രദേശിൽ മഹാസഖ്യം രൂപീകരിക്കാനുളള്ള ശ്രമം സമാജ്‍വാദി പാർട്ടി ഊർജ്ജിതമാക്കി. മഹാസഖ്യവുമായി സഹകരിക്കുമെന്ന് ആർഎൽഡി നേതാവ് അജിത് സിംഗ് വ്യക്തമാക്കി.

സമാജ്‍വാദി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിർദ്ദേശപ്രകാരം പാർട്ടി സംസ്ഥാനഅധ്യക്ഷൻ ശിവപാൽ യാദവാണ് സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നത്. രാഷ്ട്രീയലോക്ദൾ നേതാവ് അജിത് സിംഗുമായാണ് ശിവപാൽയദാവ് ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. വർഗീയകക്ഷികളെ മാറ്റിനിർത്താണ് ശ്രമമെന്നാണ് നേതാക്കളുടെ വിശദീകരണം
അടുത്ത മാസം അഞ്ചിന് നടക്കുന്ന എസ്പിയുടെ രജതജൂബിലി ആഘോഷം സമാനചിന്താഗതിക്കാരുടെ സംഗമവേദിയാക്കാനാണ് മുലായത്തിന്റെ ശ്രമം

സഖ്യനീക്കത്തോട് അനുകൂലമായി പ്രതികരിച്ച അജിത് സിംഗ് തുടർ ചർച്ചകൾക്ക് മകൻ ജയന്ത് ചൗധരിയെ ചുമതലപ്പെടുത്തി. മഹാസഖ്യത്തിൽ കോൺഗ്രസിനെയും ഉൾപ്പെടുത്തണമെന്നാണ് മുലായത്തിന്റ താല്പര്യം. എന്നാൽ രാഹുൽഗാന്ധിക്ക് അഖിലേഷിനൊപ്പം നിൽക്കാനാണ് ആഗ്രഹം. മുലായത്തിന്റെ നീക്കങ്ങൾക്ക് അഖിലേഷ് ഇതുവരെയും അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ മറയ്ക്കാനാണ് പുതിയ സഖ്യനീക്കങ്ങളെന്നാണ് ബിജെപിയുടെ ആക്ഷേപം.