ഖത്തര്‍ സന്ദര്‍ശനത്തിനിടെ ദോഹ ഷെരാട്ടന്‍ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി ഇന്ത്യയിലെ അഴിമതിയെ കുറിച്ച് വാചാലനായത്. അഴിമതിയുടെ പേരില്‍ ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ഒന്നര കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയെന്നും ഇതിലൂടെ അരി, ഗോതമ്പ്, മണ്ണെണ്ണ, എല്‍.പി.ജി തുടങ്ങിയവക്ക് നല്‍കിയിരുന്ന കോടിക്കണക്കിനു രൂപയുടെ സബ്‌സിഡി ലാഭിക്കാന്‍ കഴിഞ്ഞെന്നും മോദി ദോഹ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ആധാറിനെ സ്‌കൂള്‍ എന്റോള്‍മെന്റുമായി ബന്ധിപ്പിച്ചത് വഴി ഹരിയാനയില്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നിരുന്ന വന്‍ അഴിമതി തടയാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. ഈ രീതി തുടരുന്നത് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകുമെന്ന് പാര്‍ട്ടി പത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ ചൂണ്ടി കാട്ടുന്നു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് അഴിമതിയുടെ വാര്‍ത്തകളാണ് വരുന്നതെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അഴിമതി ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആരാണതിന്റെ ഉത്തരവാദിയെന്നും ശിവസേന മുഖപത്രം മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. രാജ്യത്തിന്റെ മുഖമാണ് പ്രധാനമന്ത്രി. അഴിമതിയെ കുറിച്ചു പ്രധാനമന്ത്രി മറ്റൊരു രാജ്യത്ത് പോയി പ്രസംഗിക്കുമ്പോള്‍ അത് നമ്മുടെ സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഏക കുടുംബം എന്ന ആശയമാണ് പ്രധാനമന്ത്രി ലോകത്തിനു മുന്നില്‍ വെക്കേണ്ടതെന്നും ശിവസേന പാര്‍ട്ടി മുഖപത്രത്തിലൂടെ ആവശ്യപ്പെട്ടു.