ന്യൂഡല്‍ഹി: ദില്ലി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്കെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. എംഎല്‍എമാരെ അയോഗ്യരാക്കിയത് 'അസാധാരണ നടപടി'യാണെന്നാണു ശിവസേന മുഖപത്രമായ 'സാമ്‌ന' വിമര്‍ശിച്ചത്. ഇരട്ടപ്പദവി വിഷയം ഉയര്‍ത്തി എംഎൽമാരെ അയോഗ്യരാക്കിയത് തെറ്റായ നടപടിയാണ്. മുൻകാലങ്ങളിലും ഇതേ പരാതി ഉണ്ടായിരുന്നെങ്കിലും അന്നൊന്നും ഇത്തരം നടപടിയുണ്ടായില്ലെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി 2015ല്‍ നിയമിതരായ എംഎല്‍എമാര്‍ ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നുകാട്ടിയാണ് 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയ്ക്കു രാഷ്ട്രപതി പച്ചക്കൊടി കാട്ടിയതോടെ, നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം 46 ആയി കുറഞ്ഞു.

എംഎല്‍എമാര്‍ക്കു സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതെന്ന് സാമ്നയിലെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. തിടുക്കത്തിലെടുത്ത ഈ തീരുമാനം തെറ്റായിപ്പോയി. കെജ്‌രിവാളിനു പകരം ബിജെപി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ഇങ്ങനെയൊരു കീഴ്വഴക്കമുണ്ടാക്കാന്‍ ധൈര്യപ്പെടുമോ? ബിജെപി ഏജന്റിനെപ്പോലെയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശിവസേന വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ ഇഷ്‌ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. കെജ്‌രിവാളിന് പിന്തുണ നൽകുന്ന നിലപാടാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പല വിഷയങ്ങളിലും ബിജെപിയും ശിവസേനയും തമ്മില്‍ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്.