തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്ന ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പാലക്കാട് നിന്നുളള ബിജെപി നേതാവ് എന്‍ ശിവരാജന്‍ പകരം  നിരാഹാരമിരിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്  ഇദ്ദേഹം.

നിരാഹാരം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അയ്യപ്പജ്യോതി കഴിയാതെ അവസാനിപ്പിക്കില്ലെന്ന് ശോഭ അറിയിക്കുകയായിരുന്നു. എന്നാല്‍ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശോഭാ സുരേന്ദ്രന്‍റെ നിരാഹാര സമരം ഇന്ന് പത്താം  ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം. എ എന്‍ രാധാകൃഷ്ണന്‍ , സി കെ പത്മനാഭനും ശേഷമാണ്  ശോഭാ സുരേന്ദ്രന്‍ നിരാഹാരം സമരം നയിച്ചത്. 

ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.