ചെങ്ങന്നൂരും ശോഭന ജോര്‍ജും തമ്മില്‍

ആലപ്പുഴ: 1991ൽ അപ്രതീക്ഷിതമായാണ് ശോഭന ജോര്‍ജ് ചെങ്ങന്നൂരിൽ സ്ഥാനാര്‍ഥിയായത്. അതായത് ഡി. വിജയകുമാറിന് കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര രാഷ്ട്രീയചരിത്രമെഴുതുന്പോള്‍ വിട്ടു കളയാനാവാത്ത മണ്ഡലമാണ് ചെങ്ങന്നൂര്‍. 

1991 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി ദില്ലിക്ക് അയച്ച പട്ടികയിൽ ഡി വിജയകുമാറിന്‍റെ പേരിന് മുന്‍ഗണന. പക്ഷേ ഹൈക്കമാന്‍ഡ് പട്ടിക വന്നപ്പോള്‍ സ്ഥാനാര്‍ഥി ശോഭന ജോര്‍ജ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ വനിതാ ജനറൽ സെക്രട്ടറി തങ്കമ്മ ജോര്‍ജെന്ന കേരള കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍. 

കന്നിയങ്കത്തിൽ സിറ്റിങ് എംഎല്‍എ മാമ്മൻ ഐപ്പിനെ ശോഭന ജോര്‍ജ് തോല്‍പിച്ചു. തുടര്‍ച്ചായ മൂന്നു തിരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂരെന്നാൽ ശോഭന ജോര്‍ജായിരുന്നു. എന്നാല്‍ കാലവും കഥയും മാറി. 91 ൽ കൈയെത്തും ദൂരത്ത് കൈവിട്ട സ്ഥാനാര്‍ഥിത്വം 27 വര്‍ഷത്തിന് ശേഷം വിജയകുമാറിന് കിട്ടി. പക്ഷേ ശോഭന ജോര്‍ജാകട്ടെ കോണ്‍ഗ്രസിൽ ഇല്ല. 

ഇടതു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാൻ ചെങ്ങന്നൂരിൽ ഓടി നടക്കുന്നു. സംഭവ ബഹുലമായിരുന്ന ശോഭനയ്ക്ക് കഴിഞ്ഞ 27 വര്‍ഷത്തെ രാഷ്ട്രീയജീവിതം. വ്യാജരേഖക്കേസ് , പാര്‍ട്ടിയിൽ നിന്നുള്ള അച്ചടക്ക നടപടി, മടങ്ങി വന്നെങ്കിലും പാര്‍ട്ടിയിൽ പരിഗണന കിട്ടിയില്ലെന്ന പരാതി, ചെങ്ങന്നൂരിൽ കോണ്‍ഗ്രസ് വിമതയായുള്ള മല്‍സരം അങ്ങനെ. ഏറ്റവും ഒടുവിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാര്‍ഥി തോറ്റാൽ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് ശോഭനയുടെ ഒടുവിലത്തെ നിലപാട്.